എംഡിഎംഎയുമായി പിടിയിലായ കൊലക്കേസ് പ്രതിയെ പണം വാങ്ങി രക്ഷപ്പെടുത്തി; അടിയന്തര അന്വേഷണത്തിന് ഉത്തരവ്

MAY 4, 2025, 10:19 PM

കോട്ടയം: എംഡിഎംഎയുമായി പിടിയിലായ രണ്ട് പേരില്‍ പ്രധാനിയും കൊലക്കേസ് പ്രതിയുമായ വ്യക്തിയെ പണം വാങ്ങി പൊലീസ് രക്ഷപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം. 11.9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിലാണ് കൊലക്കേസ് പ്രതിയും നഗരത്തിലെ ഗുണ്ടാനേതാവും ബ്ലേഡ് പണമിടപാടുകാരനുമായ കോട്ടയം സ്വദേശിയായ യുവാവിനെ കേസെടുക്കാതെ പൊലീസ് വിട്ടയച്ചത്.

ഒപ്പമുണ്ടായിരുന്ന യുവാവിനെ മാത്രം പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വാണിജ്യ ഉദ്ദേശ്യത്തോടെ കൂടിയ അളവില്‍ മയക്കുമരുന്ന് കൈവശംവെച്ചത് 20 വര്‍ഷംവരെ തടവും രണ്ടുലക്ഷം രൂപവരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സംസ്ഥാനമൊട്ടാകെ സര്‍ക്കാരും രാഷ്ട്രീയ-സാമൂഹിക-മത സംഘടനകളും ലഹരിക്കെതിരേ പ്രചാരണം ശക്തമാക്കിയ ഘട്ടത്തിലാണ് മാരക ലഹരിയുമായി പിടിയിലായ പ്രതിയെ പൊലീസ് കേസില്‍ നിന്ന് ഒഴിവാക്കിയത്. സംഭവം പുറത്തായതോടെ സംസ്ഥാന പൊലീസ് ഉപമേധാവി (ഇന്റലിജന്‍സ്) അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

കോട്ടയം തിരുവാതുക്കല്‍ പാറേച്ചാല്‍ ബൈപ്പാസില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി യാണ് സംഭവം. ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി നിര്‍ത്തിയിട്ടിരുന്ന കാര്‍ പരിശോധിക്കാന്‍ ശ്രമിച്ചതോടെ കാറിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ ഇറങ്ങിയോടി. ഇവരെ പിടികൂടി നടത്തിയ ദേഹപരിശോധനയിലാണ് വില്പന ആവശ്യത്തിനെത്തിച്ച 11.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.

നാട്ടുകാര്‍ കൂടിയതോടെ പ്രതികളെ കോട്ടയത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. സ്റ്റേഷന് തൊട്ടടുത്ത കെട്ടിടത്തിലെ ജനമൈത്രി ഹാളില്‍ വ്യാഴാഴ്ച വൈകുന്നേരം വരെ പ്രതികളെ ഇരുത്തി. ഇതിനിടെയാണ് കേസില്‍നിന്നൊഴിവാക്കാനുള്ള ഇടപാടുകള്‍ നടന്നത്. ഇവിടെ നിന്ന് സ്ഥലംമാറ്റമായിട്ടും പോകാതെ നില്‍ക്കുന്ന ഇതേ സ്റ്റേഷനിലെ മുതിര്‍ന്ന എസ്ഐയുടെ നേതൃത്വത്തിലായിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍. പന്നീട് മറ്റ് ഉദ്യോഗസ്ഥരും ഇടപെട്ടു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പണത്തിന്റെ കാര്യത്തില്‍ ധാരണയായതോടെ സംഘത്തിലെ ഒരാളെമാത്രം കേസില്‍ പ്രതിയാക്കി എഫ്ഐആര്‍ എഴുതി എന്നാണ് ആരോപണം.

പ്രധാനപ്രതിയെ കേസില്‍ ഉള്‍പ്പെടുത്താതെ പൊലീസ് വൈകുന്നേരത്തോടെ സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചു. ഇടനിലക്കാരനായ എസ്ഐ സ്റ്റേഷനിലെത്തുന്നവരില്‍ നിന്ന് പണം പിടിച്ചുപറിക്കുന്നയാളാണെന്ന് സേനയ്ക്കകത്ത് ഉള്‍പ്പെടെ ആരോപണമുണ്ട്. പണമിടപാടുകാരനെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്. എന്നിട്ടും കോട്ടയത്തു നിന്ന് വിടുതല്‍ വാങ്ങാതെ നില്‍ക്കുകയാണ് ഈ ഉദ്യോഗസ്ഥന്‍.

എംഡിഎംഎ പിടികൂടിയാലുടന്‍ കേസെടുക്കണമെന്നാണ് ചട്ടം. എന്നിട്ടും ബുധനാഴ്ച വൈകിട്ട് പിടികൂടി സ്റ്റേഷനിലെത്തിച്ച പ്രതികളെ വ്യാഴാഴ്ച ഉച്ചയ്ക്ക് പിടിച്ചെന്നാണ് പൊലീസ് രേഖപ്പെടുത്തിയതും കേസെടുത്തതും. രക്ഷപ്പെടുത്തിയ പ്രധാനപ്രതി നഗരത്തിലെ വന്‍ ബ്ലേഡ് പണമിടപാടുകാരനും പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ മകനുമാണ്. വായ്പാതവണ മുടക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന ഒരു ഗുണ്ടാ സംഘവും ഇയാള്‍ക്ക് കീഴിലുണ്ട്. അങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങളിലാണ് മയക്കുമരുന്നും കഞ്ചാവും കടത്തുന്നത്.

വന്‍കിടക്കാരും സ്വാധീനമുള്ളവരും ഇയാള്‍ മുഖേന ബ്ലേഡ് ഇടപാടിനായി പണം ഇറക്കിയിട്ടുണ്ട്. ഇയാള്‍ അകത്തായാല്‍ ഇങ്ങനെ കളത്തിലിറക്കിയ പണം തിരിച്ചുപിടിക്കാന്‍ വന്‍കിടക്കാര്‍ക്ക് ബുദ്ധിമുട്ടാകും. പണമെറിഞ്ഞ് പ്രതിയെ രക്ഷപ്പെടുത്തുന്നതിന് അതും കാരണമായെന്നാണ് വിവരം. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൊലക്കേസില്‍ പ്രതിയായ ഇയാളുടെ സംഘത്തില്‍പ്പെട്ടവര്‍ കോട്ടയം നഗരത്തിലെ ബാറില്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവവുമുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam