കണ്ണൂർ: തയ്യിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയായ ശരണ്യയ്ക്ക് ജീവപര്യന്തം തടവ്. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശരണ്യ കുറ്റക്കാരിയെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
ഈ കേസ് സമൂഹ മാധ്യമങ്ങളിലും വലിയ ശ്രദ്ധ നേടിയതാണെന്ന് കോടതി വിധി പ്രസ്താവത്തിനിടെ പരാമർശിച്ചു. ശരണ്യയുടെ കുടുംബ പശ്ചാത്തലം, വ്യക്തിപരമായ സാഹചര്യങ്ങൾ എന്നിവ വിശദമായി പരിശോധിച്ച ശേഷമാണ് ശിക്ഷ നിശ്ചയിച്ചതെന്നും കോടതി വ്യക്തമാക്കി. 22-ാം വയസിലാണ് ശരണ്യ കുറ്റകൃത്യം നടത്തിയതെന്നും, വിവാഹത്തിന് ശേഷം മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി പരിഗണിച്ചതായും അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ശരണ്യക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി പ്രഖ്യാപിച്ചത്. എന്നാൽ രണ്ടാം പ്രതിയും ശരണ്യയുടെ സുഹൃത്തുമായ നിതിനെ കേസിൽ വെറുതെവിട്ടു. ശരണ്യക്കെതിരെ കൊലപാതകം തെളിയിച്ചെങ്കിലും, ഗൂഢാലോചനയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. നിതിനെതിരെയും ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ സ്ഥാപിക്കാനാകാതിരുന്നതോടെയാണ് അയാളെ വിട്ടയച്ചത്.
2020 ഫെബ്രുവരി 17നാണ് സംഭവം നടന്നത്. രാത്രി ഒപ്പം കിടത്തിയുറക്കിയ ശേഷം കുട്ടിയെ കാണാനില്ലെന്ന രീതിയിൽ ശരണ്യ പരിഭ്രാന്തി നടിച്ചു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ, ശരണ്യയുടെ വീട്ടിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെ, തയ്യിൽ കടപ്പുറത്തുനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞിനെ കാണാനില്ലെന്ന് അറിഞ്ഞതോടെ, അന്ന് അകന്ന് കഴിയുകയായിരുന്ന ഭർത്താവ് പ്രണവ് പൊലീസിൽ പരാതി നൽകി. അന്വേഷണ ഘട്ടത്തിൽ ഭർത്താവിനെ സംശയനിഴലിലാക്കാനും കുറ്റം ചുമത്താനും ശരണ്യ ശ്രമിച്ചെങ്കിലും, തുടർ അന്വേഷണത്തിൽ ആ നീക്കം പരാജയപ്പെട്ടു. നിതിനൊപ്പം ജീവിക്കാനുള്ള ഉദ്ദേശത്തോടെയാണ് ശരണ്യ സ്വന്തം കുഞ്ഞായ വിയാനെ പാറക്കൂട്ടത്തിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പുലർച്ചെ കടൽതീരത്തെത്തിയ ശരണ്യ ആദ്യം കുഞ്ഞിനെ വലിച്ചെറിഞ്ഞു. കരഞ്ഞുകൊണ്ട് കുഞ്ഞ് സമീപത്തേക്ക് എത്തിയപ്പോൾ കടൽഭിത്തിയിലേക്ക് എറിഞ്ഞ് മരണം ഉറപ്പാക്കിയതായും കണ്ടെത്തി. പിന്നീട് വീട്ടിലെത്തി ഉറങ്ങിയ ശരണ്യ, രാവിലെ കുഞ്ഞിനെ കാണാനില്ലെന്ന നാടകം തുടർന്നു. മുലപ്പാൽ നൽകിയതിന് മണിക്കൂറുകൾക്കുള്ളിലാണ് കൊലപാതകം നടന്നതെന്നും, ഉപ്പുവെള്ളം പറ്റിയുണങ്ങിയ വസ്ത്രങ്ങളും ചെരിപ്പും അടക്കം നിർണായക തെളിവുകളായി അന്വേഷണ സംഘം കണ്ടെത്തിയതായും കോടതിയിൽ വ്യക്തമാക്കി.
ശരണ്യയുമായി ബന്ധമുണ്ടെന്ന് നിതിൻ സമ്മതിച്ചിരുന്നുവെങ്കിലും, കൊലപാതകത്തിൽ പങ്കില്ലെന്നായിരുന്നു മൊഴി. ഇരുവരും നിരന്തരം ഫോൺ സംഭാഷണം നടത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നുവെങ്കിലും, ഗൂഢാലോചന ഉറപ്പിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
