ശബരിമല മണ്ഡലകാലത്ത് കോടികളുടെ പണമിടപാട്; ദേവസ്വം വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

MARCH 11, 2026, 7:49 AM

എറണാകുളം: ശബരിമല മണ്ഡലകാലത്ത് ശാന്തിമാരും ദേവസ്വം ജീവനക്കാരുമായി ബന്ധപ്പെട്ട്  വൻതോതിലുള്ള പണമിടപാടുകൾ നടന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. കഴിഞ്ഞ വർഷം നവംബർ 17 മുതൽ ഡിസംബർ 31 വരെ സന്നിധാനത്തെ എസ്‌ബിഐ ശാഖയിൽ മാളികപ്പുറം മേൽശാന്തി 46.51 ലക്ഷം രൂപ നിക്ഷേപിച്ചതായും, അദ്ദേഹത്തിന്റെ സഹായി ഏകദേശം 1.17 ലക്ഷം രൂപയുടെ ഇടപാടുകൾ നടത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇതേ കാലയളവിൽ ശാന്തിമാരും കീഴ് ശാന്തിമാരും ഹോട്ടൽ ഉടമകളും ചേർന്ന് എട്ട് കോടിയിലധികം രൂപയുടെ 1,667 ഇടപാടുകൾ നടത്തിയതായി വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ധനലക്ഷ്മി ബാങ്കിൽ 941 ഇടപാടുകളിലൂടെ 14.45 കോടി രൂപ എത്തിച്ചേരുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.

മേൽശാന്തി, ശാന്തിമാർ, കീഴ് ശാന്തിമാർ, കുത്തകക്കാർ തുടങ്ങിയവരുമായി ബന്ധപ്പെട്ട 18 ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് ഈ ഇടപാടുകൾ നടന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ ചിലർ നെയ്യ് ശിഷ്ടവുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിലെ പ്രതികളാണെന്നും കോടതി ശ്രദ്ധയിൽപ്പെടുത്തി.

vachakam
vachakam
vachakam

ഇതിനുപുറമെ പോസ്റ്റ് ഓഫീസ് മുഖേന 14 ലക്ഷം രൂപയുടെ മണി ഓർഡർ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. ദിവസക്കൂലി തൊഴിലാളികൾ, ശുചീകരണ ജീവനക്കാർ, കടയുടമകൾ എന്നിവരുള്‍പ്പെടെ 16 പേരാണ് പോസ്റ്റ് ഓഫീസ് വഴിയുള്ള പണമിടപാടുകളിൽ ഉൾപ്പെട്ടതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

മണ്ഡലകാലത്ത് സന്നിധാനത്ത് അനധികൃത പണമിടപാടുകൾ നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ നിർദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കോടതി നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്.

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട പണം ദക്ഷിണയായി ലഭിച്ചതാണെന്ന് ബന്ധപ്പെട്ടവർ അന്വേഷണസംഘത്തോട് മൊഴി നൽകിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam