സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരട്ട സ്വർണം കരസ്ഥമാക്കിയ മിന്നും താരം ദേവനന്ദയ്ക്ക് വീട് വെച്ച് നൽകുമെന്ന് ഉറപ്പ് നൽകി മന്ത്രി വി ശിവൻകുട്ടി. സെന്റ് ജോസഫ് എച്ച്എസ്എസ് പുല്ലൂരാമ്പാറയിലെ ദേവനന്ദ വി ബൈജുവിനാണ് വീടൊരുങ്ങുന്നത്.
ഏറെ നാളത്തെ ആഗ്രഹമാണ് പൂർത്തിയായതെന്നും, വീട് വെച്ച് നൽകുമെന്ന തീരുമാനം കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നും ദേവനന്ദയും കുടുംബവും അറിയിച്ചു.
പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി താരത്തെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ച വേളയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ജൂനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദേവനന്ദ പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചത്. 2017-ൽ ആൻസി സോജൻ സ്ഥാപിച്ച 25.13 സെക്കൻഡിന്റെ റെക്കോർഡാണ് ഈ പ്ലസ് ടു വിദ്യാർത്ഥിനി തിരുത്തിയെഴുതിയത്. 100 മീറ്റർ ഓട്ടത്തിലും ദേവനന്ദ സ്വർണ്ണ മെഡൽ കരസ്ഥമാക്കി.
ഒരു മാസം മുൻപ് ദേവനന്ദയ്ക്ക് അപ്പെൻ്റിസൈറ്റിസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇത് പോലും വകവെയ്ക്കാതെയാണ് ദേവനന്ദ മത്സരത്തിനിറങ്ങിയത്.ബാർബറായ അച്ഛൻ ബിജുവിനും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ വിജിതയ്ക്കുമൊപ്പം താമസിക്കുന്ന ദേവനന്ദയുടെ കുടുംബസാഹചര്യം മനസ്സിലാക്കിയ മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിനെ വീട് നിർമ്മിക്കുന്നതിനായി ചുമതലപ്പെടുത്തുകയായിരുന്നു. ദേവനന്ദയ്ക്ക് എല്ലാവിധ പിന്തുണയും മന്ത്രി വി ശിവൻകുട്ടി വാഗ്ദാനം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
