കൊച്ചി : സ്വകാര്യ ഭാഗത്ത് മെൻസ്ട്രൽ കപ്പിൽ ഒളിപ്പിച്ച് രാസലഹരി കടത്ത്. ആലപ്പുഴ തൃക്കുന്നപ്പുഴ വില്ലേജ് കൊട്ടേമുറി ദേശം പാണ്ടികശാലയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശിനി സരിത (30) എന്നിവർ എക്സൈസിന്റെ വലയിലായി.
ഇവരിൽ നിന്ന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 94.032 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇരുവരും എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ നിറച്ച് ഒരു ഭാഗം പശവച്ച് അടച്ച ശേഷം ഇത് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തുകയാണ് സരിത ചെയ്തിരുന്നത്.
എറണാകുളം സൗത്ത് ഭാഗത്തുള്ള ലോഡ്ജിൽ നിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെ ആണ് എക്സൈസ് സംഘം ആദ്യം കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽ നിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ വാങ്ങി എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്ജുകളിൽ മുറിയെടുത്ത് വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി.
ബെംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി ഇരുവരും ബസിൽ വരുന്ന വഴി കണ്ണൂർ ഇരിട്ടിയിൽ പരിശോധന നടന്നിരുന്നു. തുടർന്ന് ഷാഫി കൈയിലുണ്ടായിരുന്ന ലഹരിവസ്തു എറിഞ്ഞുകളഞ്ഞെങ്കിലും സരിത മെൻസ്ട്രൽ കപ്പിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്നതിനാൽ എക്സൈസ് പരിശോധനയിൽ ലഹരി കണ്ടെത്താനായില്ല.
പിന്നീട് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. മുൻപ് ഹോംനഴ്സായി ജോലി ചെയ്തിരുന്ന ആളാണ് സരിത. ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് ഷാഫി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
