പാളം തെറ്റിയ പയ്യോളി എക്‌സ്പ്രസ്

NOVEMBER 10, 2026, 2:40 AM

ട്രാക്കിൽ 400 മീറ്റർ ഹർഡിൽസ് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ആസ്ഥാനത്ത് നടക്കുന്നത്  അത്രയും 'വാട്‌സാപ്പ് ഹർഡിൽസ്' തന്നെ..!

പയ്യോളിയിൽ നിന്ന് കുതിച്ച എക്‌സ്പ്രസ്സ് ഡൽഹിയിലെ സ്‌പോർട്‌സ് പേഴ്‌സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് എന്ന റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വോട്ട് തികയാതെ അഞ്ചാം സ്ഥാനത്തേക്ക് 'ലൂപ്പ് ലൈനിൽ' ഒതുക്കപ്പെട്ടിരിക്കുന്നു. ഇതിനെയാണ് സ്‌പോർട്‌സ് ഭാഷയിൽ 'പാളം തെറ്റൽ' എന്നു വിശേഷിപ്പിക്കുന്നത്.

ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിൽ മുടിനാരിഴയുടെ വ്യത്യാസത്തിൽ നഷ്ടപ്പെട്ട മെഡലിന്റെ കഥയൊക്കെ പഴയതാണ്. 

vachakam
vachakam
vachakam

ഇവിടെ ഒളിമ്പിക് അസോസിയേഷനിൽ വോട്ടുപിടിത്തം നടന്നത് 'ന്യൂ ഭാരത് പാനൽ' എന്ന ഡിജിറ്റൽ അട്ടിമറിയിലൂടെയാണ്. വോട്ടു ചോദിക്കാൻ ഇറങ്ങിയത് മറ്റാരുമല്ല, സാക്ഷാൽ അമ്പെയ്ത്ത് താരം ദോളാ ബാനർജി! അമ്പും വില്ലും എടുത്ത് നേരിട്ട് യുദ്ധം ചെയ്യുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ വില്ലിൽ നിന്ന് പായുന്നത് വാട്‌സാപ്പ് മെസ്സേജുകളാണ്! 'പെരുമാറ്റച്ചട്ടം ലംഘിച്ച് വാട്‌സാപ്പിൽ വോട്ടുപിടിച്ചു' എന്നാണ് ഉഷാജീയുടെ പരാതി. 

ലോങ് ജമ്പിൽ റെക്കോർഡിട്ട അഞ്ജു ബോബി ജോർജ് വോട്ടിംഗിൽ 53 വോട്ടുമായി ഏറ്റവും മുന്നിൽ ചാടിയപ്പോൾ, ഷട്ടിൽ കോക്ക് പോലെ വോട്ടുകൾ റാഞ്ചിയെടുത്ത് സൈന നെഹ്വാളും ലിസ്റ്റിൽ കയറിപ്പറ്റി. ഹോക്കി സ്റ്റിക്ക് കൊണ്ട് പ്രതിരോധം തീർത്ത് റാണി രാംപാലും ട്രാക്കിൽ മുന്നിലെത്തി.

അവസാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ ഒളിമ്പ്യന്മാരുടെ പാനലിൽ നമ്മുടെ പയ്യോളി എക്‌സ്പ്രസിന് കിട്ടിയത് വെറും 40 വോട്ട്, അതായത് അഞ്ചാം സ്ഥാനം! കായിക ലോകത്ത് ഒന്നാമത് ഓടിയെത്തി ശീലിച്ച ഉഷാജീ, ഡൽഹിയിലെ എക്‌സിക്യൂട്ടീവ് കസേരകളിലെ 'അണിയറ ഓട്ടമത്സരത്തിൽ' അഞ്ചാമതാകേണ്ടി വന്നത് കരിയറിലെ തന്നെ ഏറ്റവും വലിയ ക്രൂരതയായിപ്പോയി.

vachakam
vachakam
vachakam

ഡിസംബർ 5ന് നടക്കുന്ന മെയിൻ ഇലക്ഷനിൽ വീണ്ടും പ്രസിഡന്റാകാൻ മത്സരിക്കണമെങ്കിൽ ഏതെങ്കിലും ദേശീയ കായിക സംഘടന വന്ന് 'ദത്തെടുക്കണം'. നിലവിലെ രാഷ്ട്രീയ കാലാവസ്ഥ വെച്ച് നോക്കുമ്പോൾ അതിനുള്ള സാധ്യത തീരെയില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും  സാക്ഷാൽ പ്രധാനമന്ത്രിയും ഇടപെടണമെന്ന് നിലവിലെ പ്രസിഡന്റ് തന്നെ ആവശ്യപ്പെടുമ്പോൾ കാര്യങ്ങൾ വ്യക്തം.

കാവി ചുറ്റി ഭരണത്തിന്റെ അകത്തളങ്ങളിൽ റെഡ് കാർപെറ്റ് വിരിച്ച് സ്വീകരിക്കപ്പെടുന്ന പലർക്കും പിന്നീട് സംഭവിക്കുന്ന അതേ 'കരിവേപ്പില' ലൈൻ തന്നെയാണ് ഇവിടെയും അരങ്ങേറുന്നത്.

ആവശ്യം കഴിഞ്ഞാൽ പടിപ്പുറത്ത് നിർത്തുന്ന ഈ കസർത്ത് നമ്മൾ മുൻപും കണ്ടിട്ടുള്ളതാണല്ലോ. പശ്ചിമ ബംഗാൾ രാജ്ഭവനിൽ സിംഹാസനത്തിലിരുന്ന് ഒടുവിൽ കളം ഒഴിഞ്ഞ സി.വി. ആനന്ദ ബോസിനെയോ, കാലാവധി കഴിയും മുമ്പ് രാജിവച്ച് പടിയിറങ്ങിയ മുൻ രാഷ്ട്രപതിയേയോ ഒക്കെ ഇപ്പോൾ മഷിയിട്ടു നോക്കിയാൽ പോലും അധികാര വട്ടങ്ങളിൽ കാണാനില്ല!

vachakam
vachakam
vachakam

താൽക്കാലിക നേട്ടങ്ങൾക്കായി കായിക താരങ്ങളുടെ ബ്രാൻഡ് വാല്യൂ ഉപയോഗിച്ച ശേഷം, കാര്യം കഴിയുമ്പോൾ സൈഡ് ബെഞ്ചിലേക്ക് മാറ്റുന്ന രാഷ്ട്രീയ കോച്ചുമാരുടെ തന്ത്രം ഉഷാജീയും വൈകിയാണ് തിരിച്ചറിഞ്ഞത്.

പണ്ടൊക്കെ സ്റ്റാർട്ടിംഗ് ബ്ലോക്കിൽ നിന്നായിരുന്നു ഓട്ടമെങ്കിൽ, ഇന്ന് വാട്‌സാപ്പ് ഗ്രൂപ്പിലെ ലോബിയിങ്ങിൽ നിന്നാണ് വിജയങ്ങളുടെ തുടക്കമെന്നും, കളി കഴിഞ്ഞാൽ കരിവേപ്പിലയാകാൻ അധികം സമയം വേണ്ടെന്നും പയ്യോളി എക്‌സ്പ്രസ്സ് ഇപ്പോൾ പഠിച്ചിട്ടുണ്ടാകും!

ജോഷി ജോർജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam