തിരുവനന്തപുരം: അവസരങ്ങൾ തേടി യുവാക്കൾ കേരളം വിടുന്നവെന്നും ദൈവത്തിന്റെ നാട്ടിൽ ജീവിതം വിജയിപ്പിക്കാൻ കഴിയില്ലെന്നു പലർക്കും തോന്നലുണ്ടെന്നും ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം.
ഇവിടെനിന്നു രക്ഷപെടാൻ എവിടെയെങ്കിലും പോകണമെന്ന തോന്നലുണ്ട് യുവജനങ്ങൾക്ക്. ഇവിടെ ജീവിച്ചു വിജയിക്കാൻ കഴിയുന്ന സാഹചര്യമുണ്ട് എന്നു ബോധ്യപ്പെടുത്തണം. അതിനു സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും ജോസഫ് പെരുന്തോട്ടം പറഞ്ഞു. മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോഴായിരുന്നു വിമർശനം.
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് പിഎംജി ലൂർദ് പള്ളിയിൽ പൗരസമൂഹം നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേദിയിൽ മുഖ്യമന്ത്രി വിമർശനങ്ങൾക്കു മറുപടി നൽകി. യുവാക്കൾ വിദേശത്തേക്കു പോകുന്നത് കേരളത്തിന്റെ പ്രശ്നമല്ല, കാലത്തിന്റെ മാറ്റമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പുതിയ കാലത്ത് കുഞ്ഞുങ്ങൾ വളരുന്നത് ലോകത്തെ മനസിലാക്കിയാണെന്നും ഇന്ന സ്ഥലത്ത് പോകണം, പഠിക്കണം എന്നു കുട്ടികൾ തന്നെ തീരുമാനിക്കുകയാണെന്നും മുഖ്യമന്ത്രി മറുപടി നൽകി.
ഉന്നത വിദ്യാഭ്യാസ രംഗം ശാക്തീകരിക്കുന്നതിനുള്ള നടപടികളാണു സർക്കാർ സ്വീകരിക്കുന്നത്. സിറോ മലബാർ സഭയ്ക്കു സർക്കാരിനെക്കുറിച്ചു പരാതി ഉണ്ടാകാൻ ഇടയില്ല. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ നിക്ഷ്പക്ഷമായി സർക്കാർ ഇടപ്പെട്ടു. അല്ലെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നു നിങ്ങൾക്ക് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആർച്ച്ബിഷപ്പിന്റെ പരാമർശങ്ങളെ പിന്തുണച്ചു. വിമർശനങ്ങളെ ലാഘവത്തോടെ കാണാൻ കഴിയില്ലെന്നും കുട്ടികൾ പുറത്തേക്ക് പോകുകയാണ്. പ്രായമായവരുടെ നാടായി കേരളം മാറുമോ എന്ന് ഉത്കണ്ഠയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഴയ നേട്ടം പറഞ്ഞിരിക്കാതെ പ്രശ്ന പരിഹാരം കാണണം. ജോസഫ് പെരുന്തോട്ടത്തിന്റേത് വിമർശനമല്ല, ആശങ്കയാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്