കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ യു.ഡി.എഫ് ക്യാമ്പിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നു. വോട്ടെണ്ണലിന് മുൻപേ തന്നെ നേതാക്കൾക്കിടയിൽ വടംവലി തുടങ്ങിയതോടെ കോൺഗ്രസ് ഹൈക്കമാൻഡ് അതീവ ജാഗ്രതയിലാണ്.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കേരളത്തിലെ മുതിർന്ന നേതാക്കളുമായി നേരിട്ട് സംസാരിച്ച് നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നു കേൾക്കുന്നത്.
മുഖ്യമന്ത്രി പദത്തിനായി സോഷ്യൽ മീഡിയയിൽ അനുയായികൾ നടത്തുന്ന 'പോസ്റ്റർ-കമന്റ് യുദ്ധം' പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് മുതിർന്ന നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് യാതൊരുവിധ പരസ്യ പ്രതികരണങ്ങളും പാടില്ലെന്ന് എ.ഐ.സി.സി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും ഈ അച്ചടക്ക നടപടി കർശനമായി നടപ്പാക്കാൻ നിർദ്ദേശിച്ചു. മെയ് 4-ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മാത്രമേ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. ഹൈക്കമാൻഡ് പ്രതിനിധികൾ കേരളത്തിലെത്തി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ അഭിപ്രായം തേടും.
നിലവിൽ കെ.സി. വേണുഗോപാലിനും വി.ഡി. സതീശനും വേണ്ടിയുള്ള ഗ്രൂപ്പ് നീക്കങ്ങൾ സജീവമാണെങ്കിലും, വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന നിലപാടാണ് രമേശ് ചെന്നിത്തല സ്വീകരിച്ചിരിക്കുന്നത്. ഡൽഹിയിലുള്ള ചെന്നിത്തല ഇന്ന് മല്ലികാർജ്ജുന ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
