തിരുവനന്തപുരം: സെപ്തംബർ രണ്ടിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ ആകെ 2,83,12,463 വോട്ടർമാർ. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്.
1,33,52,945 പുരുഷൻമാരും 1,49,59,242 സ്ത്രീകളും 276 ട്രാൻസ്‌ജെൻഡേഴ്സുമാണ് പട്ടികയിൽ ഉള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനു പുറമെ, പ്രവാസി വോട്ടർപട്ടികയിൽ ആകെ 2087 പേരുണ്ട്.
14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും ആറ് കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും അന്തിമ വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്.
വോട്ടർപട്ടിക കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.
കരട് വോട്ടർപട്ടിക സംബന്ധിച്ച് ഓഗസ്റ്റ് 12 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹീയറിംഗ് നടത്തിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ഇ.ആർ.ഒ) അന്തിമ വോട്ടർപട്ടിക തയ്യാറാക്കിയത്.
സംക്ഷിപ്തപുതുക്കലിനായി ജൂലൈ 23 ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ആകെ 2,66,78,256 വോട്ടർമാരാണുണ്ടായിരുന്നത്. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ 29,81,310 പുതിയ അപേക്ഷകരുണ്ടായിരുന്നു. ഉൾക്കുറിപ്പ് തിരുത്തുന്നതിന് 13,859 പേരും, വാർഡ് / പോളിംഗ് സ്റ്റേഷൻ മാറുന്നതിന് 1,80,789 പേരും അപേക്ഷിച്ചിരുന്നു. പട്ടികയിൽ നിന്നും പേര് ഒഴിവാക്കുന്നതിന് ആകെ 4,88,024 ആക്ഷേപങ്ങളാണ് ലഭിച്ചിരുന്നത്.
2020 ലെ പൊതുതിരഞ്ഞെടുപ്പിന് ആകെ 2,76,56,910 (1,31,72,755 പുരുഷൻമാരും, 1,44,83,915 സ്ത്രീകളും, 240 ട്രാൻസ്ജെൻഡേഴ്സും) വോട്ടർമാരാണുണ്ടായിരുന്നത്. പ്രവാസി വോട്ടർപട്ടികയിൽ ആകെ 2162 പേരാണുണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്