തിരുവനന്തപുരം: സ്ത്രീസൗഹാർദ ടൂറിസത്തിൻറെ ഭാഗമായി വനിതാ സംരംഭകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതി വനിതാ വികസന കോർപ്പറേഷനുമായി ചേർന്ന് നടപ്പാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
ടൂറിസവുമായി ബന്ധപ്പെട്ട സംരംഭങ്ങൾ ആരംഭിക്കുന്നവർക്കാണ് പലിശയിളവ് നൽകുക. ഇതുവഴി കൂടുതൽ സ്ത്രീകളെ ടൂറിസം മേഖലയിലേക്ക് ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്.
വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തിയിരുന്നുവെന്നും പദ്ധതിക്ക് ഈ മാസം അംഗീകാരം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ടൂർ ഓപ്പറേറ്റർമാർ, ഹോം സ്റ്റേ നടത്തിപ്പുകാർ, ടാക്സി ഓടിക്കുന്നവർ തുടങ്ങി വിവിധ മേഖലയിലുള്ളവരെ പരസ്പരം ബന്ധപ്പെടുത്തി ഒരു ശൃംഖല രൂപപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. വനിതാ സഞ്ചാരികൾക്ക് ഈ ശൃംഖല പ്രയോജനപ്പെടുത്തി യാത്ര ചെയ്യാനാവും. സ്ത്രീസൗഹാർദ ടൂറിസം പദ്ധതിയുടെ ഭാഗമാകുന്നവർക്ക് തൊഴിൽ പരിശീലനത്തോടൊപ്പം ടൂറിസം-ഹോസ്പിറ്റാലിറ്റി പരിശീലനവും നൽകും. സഞ്ചാരികളെ എങ്ങനെ സ്വീകരിക്കണമെന്നും അവർക്ക് എങ്ങനെ മികച്ച സഞ്ചാരാനുഭവം പ്രദാനം ചെയ്യണമെന്നും ഈ പരിശീലനത്തിലൂടെ നേടാനാകും.
ഇൻക്ലൂസീവ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും ടൂറിസം കേന്ദ്രങ്ങൾ പ്രാപ്യമാക്കുക എന്നതാണ് സർക്കാരിൻറെ ലക്ഷ്യം. ഇതിനായി ടൂറിസം കേന്ദ്രങ്ങൾ സ്ത്രീസൗഹാർദമാകുന്നതിന് ഒപ്പം തന്നെ വയോജന സൗഹൃദവും ഭിന്നശേഷി സൗഹൃദവുമാക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. പുതിയ ടൂറിസം കേന്ദ്രങ്ങളുടെ ആരംഭഘട്ടത്തിലും ഇത്തരം കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. കലാകാരികളെയും വനിതാ സാംസ്കാരിക പ്രവർത്തകരെയും സ്ത്രീസൗഹാർദ ടൂറിസത്തിൻറെ ഭാഗമാക്കും. അവർക്ക് ഈ മേഖലയിൽ പ്രധാന പങ്ക് വഹിക്കാനാകും. അവരെ പ്രോത്സാഹിപ്പിക്കാനും സ്ത്രീസൗഹാർദ ടൂറിസത്തിൻറെ ഭാഗമായി പദ്ധതികളുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
