തിരുവനന്തപുരം: കെഎസ്ആർടിസി ലോജിസ്റ്റിക് സർവീസ് നിരക്കുകൾ വർധിപ്പിച്ചു. ഇതോടെ കെഎസ്ആർടിസി വഴി പാഴ്സൽ അയക്കാൻ ചെലവേറും. ഒന്നര വർഷം മുമ്പാണ് കെഎസ്ആർടിസി സ്വന്തമായി ലോജിസ്റ്റിക് സർവീസ് ആരംഭിച്ചത്.
നേരത്തെ സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ കൊറിയർ സർവീസ് നടത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ല. ഇന്ന് കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാന നേട്ടത്തിൽ ലോജിസ്റ്റിക് സർവീസിന് മുഖ്യ പങ്കുണ്ട്. സർവീസ് തുടങ്ങി ഒന്നര വർഷത്തിന് ശേഷമാണ് ലോജിസ്റ്റിക് സർവീസ് നിരക്ക് വർധിപ്പിക്കുന്നത്.
അഞ്ച് കിലോ വരെയുള്ള പാഴ്സലുകൾക്ക് നിരക്ക് വർധന ഉണ്ടാവില്ല. 800 കിലോമീറ്റർ ദൂരം വരെയാണ് ലോജിസ്റ്റിക് സർവീസ് വഴി കൊറിയർ അയക്കാൻ കഴിയുക. പരമാവധി ഭാരം 120 കിലോയാണ്.
അഞ്ച് കിലോയ്ക്ക് 200 കിലോമീറ്റർ ദൂരത്തിന് 110 രൂപയാണ് നൽകേണ്ടത്. 400 കിലോമീറ്ററിന് 215 രൂപ, 600 കിലോമീറ്ററിന് 325 രൂപ , 800 കിലോമീറ്ററിന് 430 രൂപ എന്നിങ്ങനെയാണ് നിരക്ക്. 5 - 15 കിലോ ഭാരത്തിന് 200 കിലോമീറ്റർ ദൂരത്തേക്ക് 132 രൂപ നൽകണം. 400 കിലോമീറ്ററിന് 258 രൂപ, 600 കിലോമീറ്ററിന് 390 രൂപ, 800 കിലോമീറ്ററിന് 516 രൂപ എന്നതാണ് നിരക്ക്. 15 -30 കിലോ ഭാരമുള്ള പാഴ്സലുകൾ അയക്കാൻ 200 കിലോമീറ്ററിൽ താഴെയാണ് ദൂരമെങ്കിൽ 158 രൂപ നൽകണം. 800 കിലോമീറ്ററാണ് ദൂരമെങ്കിൽ 619 രൂപ നൽകണം.
30-45 കിലോയുള്ള പാഴ്സൽ അയക്കാൻ ദൂരമനുസരിച്ച് 258 രൂപയാണ് കുറഞ്ഞ നിരക്ക്. പരമാവധി നിരക്ക് 1038 രൂപയാണ്. 45 -60 കിലോ അയക്കണമെങ്കിൽ കുറഞ്ഞത് 309 രൂപയും പരമാവധി 1245 രൂപയും നൽകണം. 60- 75 കിലോ അയക്കാൻ 390 രൂപ മുതൽ 1560 രൂപ വരെ ചെലവാകും. 75-90 കിലോ അയക്കാൻ 468 രൂപ മുതൽ 1872 രൂപ വരെ ചെലവുണ്ട്. 90 -105 കിലോയ്ക്ക് 516 രൂപ - 2076 രൂപ വരെയും 105-120 കിലോയ്ക്ക് 619 രൂപ മുതൽ 2491 രൂപ വരെയുമാണ് ഈടാക്കുക.ദൂരം 200, 400, 600, 800 കിലോമീറ്റർ എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്. ദൂരത്തിനും ഭാരത്തിനും അനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്