സൽമാൻ നിസാറിന് സെഞ്ച്വറി, ജമ്മു കാശ്മീരിനെതിരെ ഒരു റണ്ണിന്റെ നിർണ്ണായക ലീഡുമായി കേരളം
പൂനെ: സൽമാൻ നിസാറിന്റെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ രഞ്ജി ട്രോഫി ക്വാർട്ടറിൽ ജമ്മു കാശ്മീരിനെതിരെ ഒരു റൺസിന്റ നിർണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി കേരളം. കേരളത്തിന്റെ ആദ്യ ഇന്നിംഗ്‌സ് 281 റൺസിന് അവസാനിച്ചു. തുടർന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ജമ്മു കാശ്മീർ കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 180 റൺസെന്ന നിലയിലാണ്. അവർക്കിപ്പോൾ 179 റൺസിന്റെ ലീഡുണ്ട്. നേരത്തേ ജമ്മു കാശ്മീർ ഒന്നാം ഇന്നിംഗ്‌സിൽ 280 റൺസിന് ഓൾഔട്ടായിരുന്നു.
സമനിലയായാൽ കേരളം സെമിയിൽ
ലീഡ് നേടാനായതോടെ മത്സരം സമനിലയിൽ അവസാനിച്ചാൽ കേരളം സെമിയിലേക്ക് മുന്നേറും.
സൽമാനും ബേസിലും മൂന്നാം ദിനമായ ഇന്നലെ ആദ്യ സെഷനിൽ കേരളം അതിശയകരമായ തിരിച്ചുവരവാണ് നടത്തിയത്. 200/9 എന്നീ നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച കേരളത്തിന് ലീഡെന്ന സ്വപ്‌നം വളരെ അകലെയായിരുന്നു. എന്നാൽ അസംഭവ്യമെന്ന് കരുതിയത് യാഥാർത്ഥ്യമാക്കുകയായിരുന്നു രഞ്ജിയിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയ സൽമാൻ നിസാറും ലാസ്റ്റ്മാൻ ബേസിൽ തമ്പിയും. ഇരുവരും അവസാന വിക്കറ്റിൽ 81 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. പരമാവധി പന്തുകൾ സ്വയം നേരിട്ട്, നിശ്ചയദാർഢ്യത്തോടെയുള്ള സൽമാന്റെ പ്രകടനം കേരളത്തിന് നിർണായക ലീഡ് സമ്മാനിക്കുകയായിരുന്നു. മറുവശത്ത് ബേസിൽ തമ്പി സൽമാന് മികച്ച പിന്തുണ നൽകി. 172 പന്ത് നേരിട്ട് 12 ഫോറും നാല് സിക്‌സുമടക്കം 112 റൺസുമായി സൽമാൻ പുറത്താകാതെ നിന്നു . 35 പന്തുകൾ നേരിട്ട ബേസിൽ 15 റൺസെടുത്തു. ആകാംക്ഷയേറിയ നിമിഷങ്ങൾക്കൊടുവിൽ റണ്ണൗട്ട് ഒഴിവാക്കാൻ ബേസിൽ ഡൈവ് ചെയ്ത് ക്രീസിലെത്തിയ സിംഗിളിലൂടെയാണ് കേരളം ജമ്മുവിന്റെ സ്‌കോറിന് ഒപ്പമെത്തിയത്. ഒരു റൺ കൂടി നേടി ലീഡ് നേടിയതിന് പിന്നാലെ ബേസിൽ പുറത്തായതോടെ കേരളത്തിന്റെ ഇന്നിംഗ്‌സിന് അവസാനമായി. കാശ്മീരിന് വേണ്ടി ആക്വിബ് നബി ആറും യുധ്വീർ സിംഗും സാഹിൽ ലോത്രയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ജമ്മു കാശ്മീരിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. രണ്ട് റൺസെടുത്ത ശുഭം ഖജൂരിയയെയും 16 റൺസെടുത്ത യാവർ ഹസ്സനെയും പുറത്താക്കി എം.ഡി. നിധീഷാണ് കേരളത്തിന് മുൻതൂക്കം സമ്മാനിച്ചത്. ക്യാപ്ടൻ പരസ് ദോഗ്രയും വിവ്രാന്ത് ശർമ്മയും ചേർന്ന 39 റൺസ് കൂട്ടുകെട്ടാണ് കാശ്മീരിനെ കരകയറ്റിയത്. 37 റൺസെടുത്ത വിവ്രാന്ത് ശർമ്മയെ ബേസിൽ എൻ.പി പുറത്താക്കിയെങ്കിലും തുടർന്നെത്തിയ കനയ്യ വാധ്വാൻ ക്യാപ്ടൻ മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 102 റൺസ് കൂട്ടിച്ചേർത്ത് കഴിഞ്ഞു. കളി നിർത്തുമ്പോൾ പരസ് ജോഗ്ര 73ഉം കനയ്യ വാധ്വാൻ 42ഉം റൺസെടുത്ത് ക്രീസിൽ തുടരുകയാണ്.
സൽമാൻ നിസാരനല്ല
രഞ്ജിയിൽ സൽമാൻ നിസാറിന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറി, ബിഹാറിനെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തിലും സൽമാൻ സെഞ്ച്വറി നേടിയിരുന്നു. ജമ്മു കാശ്മീരിനെതിരെ സൽമാനും ബേസിലും അവസാന വിക്കറ്റിൽ കൂട്ടുച്ചേർത്ത 81 റൺസാണ് കേരളത്തിന് ലീഡ് സമ്മനിച്ചത്. കണ്ണൂർ തലശേരിക്കാരനായ സൽമാൻ 19 -ാം വയസിലാണ് രഞ്ജി ടീമിെത്തിയത്. 2019ൽ രഞ്ജി സെമി ഫൈനലിലെത്തിയ കേരളാ ടീമിലും അംഗമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്