കോട്ടമുറി: നൂറുകണക്കിന് യാത്രക്കാർ നിത്യേന ആശ്രയിക്കുന്ന കോട്ടമുറി - പീടികപ്പടി റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചാണ് വ്യാപാരിയായ ബിജു കെ. ഫിലിപ്പ് കൊച്ചാലുംമൂട്ടിൽ വേറിട്ട സമരമുറയുമായി രംഗത്തെത്തിയത്. റോഡ് നന്നാക്കി സഞ്ചാരയോഗ്യമാക്കാമെന്ന് ജനപ്രതിനിധികൾ നൽകിയ ഉറപ്പ് പാഴ്വാക്കായതോടെയാണ് കോട്ടമുറി ജംഗ്ഷനിൽ നടുറോഡിൽ തല മൊട്ടയടിച്ച് അദ്ദേഹം പ്രതിഷേധമറിയിച്ചത്.
കാലങ്ങളായി തകർന്നു കിടക്കുന്ന ഈ റോഡ് ഇപ്പോൾ യാത്രാദുരിതത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ്. അപകടക്കുഴികൾ നിറഞ്ഞ യാത്രയിൽ അടുത്ത കാലത്തായി നിരവധി പേർക്ക് പരിക്കേൽക്കുകയുണ്ടായി. സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഈ കുഴികളിലൂടെ സാഹസികമായി കടന്നുപോകാൻ നിർബന്ധിതരാവുകയാണ്.
ഈ ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബിജു കെ. ഫിലിപ്പ് അടക്കമുള്ള നാട്ടുകാർ പലതവണ പഞ്ചായത്തിനെയും ജനപ്രതിനിധികളെയും സമീപിച്ചെങ്കിലും ഫലം നിരാശയായിരുന്നു. നിലവിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ, ഈ റോഡിന് ഉടൻ മോചനം ലഭിക്കാനുള്ള സാധ്യതയും മങ്ങിയിരിക്കുകയാണ്.
ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെയും വാക്ക് പാലിക്കാത്ത ജനപ്രതിനിധികളുടെയും ശ്രദ്ധ ആകർഷിക്കാൻ വേണ്ടിയാണ്, കോട്ടമുറി ജംഗ്ഷനിൽ കട നടത്തുകയും പ്രദേശവാസിയുമായ ബിജു കെ. ഫിലിപ്പ് കൊച്ചാലുംമൂട്ടിൽ ഇത്തരമൊരു ശക്തമായ പ്രതിഷേധം സ്വീകരിച്ചത്. ഈ വേറിട്ട പ്രതിഷേധം അധികാരികളുടെ കണ്ണുതുറപ്പിക്കുമോ എന്ന് കാത്തിരുന്നു കാണാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
