ആലപ്പുഴ: കെ.കെ. മഹേശന്റെ മരണത്തിൽ ആരോടും വൈരാഗ്യമോ പക്ഷപാതമോ കാണിക്കാതെ സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് ഭാര്യ ഉഷാദേവി ആവശ്യപ്പെട്ടു. കേസിൽ നീതി ലഭിക്കുമെന്ന വിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും, വിഷയത്തിൽ ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ടു പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.
കോവിഡ് കാലത്ത് വെള്ളാപ്പള്ളി നടേശനുമായി സ്വരച്ചേർച്ച ഉണ്ടായിരുന്ന സമയത്ത് മഹേശൻ എന്തോ എഴുതുന്നത് കണ്ടിരുന്നുവെന്ന് ഉഷാദേവി പറഞ്ഞു. അത് ഒരു പുസ്തകത്തിന്റെ രചനയാണെന്നാണ് താൻ കരുതിയതെന്നും, ആ സമയത്ത് മഹേശൻ വെള്ളാപ്പള്ളിയെ കാണാൻ പോയിട്ടുണ്ടെന്നും അതിന് സാക്ഷികളുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ പലരും ഇപ്പോൾ ഭയന്നാണ് പുറത്തുവന്ന് പറയാത്തതെന്നും ഉഷാദേവി ആരോപിച്ചു.
വെള്ളാപ്പള്ളി മഹേശനെ മർദിച്ചിട്ടുണ്ടെന്നും, പലരെയും ഉപദ്രവിക്കുന്ന സ്വഭാവമുള്ള ആളാണെന്ന് മഹേശൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഉഷാദേവി ആരോപിച്ചു. “ഒരു കാര്യം പറഞ്ഞ് മറ്റൊന്നിന് അടിക്കുന്ന ആളാണ് വെള്ളാപ്പള്ളി. പലരെയും ഉപദ്രവിക്കുന്നത് മഹേശൻ കണ്ടിട്ടുണ്ട്,” എന്നായിരുന്നു അവരുടെ പ്രതികരണം.
വെള്ളാപ്പള്ളി അവാർഡ് വാങ്ങാൻ ഡൽഹിയിൽ എത്തിയപ്പോഴും മൈക്രോഫിനാൻസ് കേസും കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉയർന്നിരുന്നുവെന്നും ഉഷാദേവി പറഞ്ഞു. തുഷാർ വെള്ളാപ്പള്ളി “കട്ടവനെ കള്ളനെന്ന് വിളിക്കണം” എന്ന് പറഞ്ഞതായി ചൂണ്ടിക്കാട്ടിയ അവർ, അങ്ങനെ പറയേണ്ടത് ശരിയായ ആളെക്കുറിച്ചായിരിക്കണമെന്നും കൂട്ടിച്ചേർത്തു. തുഷാർ വെള്ളാപ്പള്ളി വിദേശത്ത് ജയിലിൽ ആയിരുന്ന സംഭവവും അവർ പരാമർശിച്ചു.
മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ നിന്ന് ഉണ്ടായ സമീപനം തന്നെ ടോർച്ചർ ചെയ്യുന്നതുപോലെയായിരുന്നുവെന്നും ഉഷാദേവി ആരോപിച്ചു. മഹേശന്റെ ഫോണിൽ തന്റെ പേര് “My Teacher” എന്നായിരുന്നു സേവ് ചെയ്തിരുന്നത്. അതിനെ അടിസ്ഥാനമാക്കി തന്നെ സംശയാസ്പദമായി ചോദ്യം ചെയ്തതായും അവർ പറഞ്ഞു. സംഭവത്തിന് മുൻപും മഹേശൻ തന്നെ വിളിച്ച് ഉടൻ വരാമെന്ന് പറഞ്ഞിരുന്നുവെന്നും, പിന്നീട് പലതവണ വിളിച്ചിട്ടും പ്രതികരണം ലഭിച്ചില്ലെന്നും ഉഷാദേവി വ്യക്തമാക്കി.
ആത്മഹത്യാ കുറിപ്പ് കൈവശമുണ്ടായിരുന്നിട്ടും പൊലീസ് ഇത്തരത്തിൽ ചോദ്യം ചെയ്തതിൽ സംശയമുണ്ടെന്നും, കേസിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും ഉഷാദേവി ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
