ഹയർ സെക്കൻഡറി എൻ.എസ്.എസ്. പ്രവർത്തനങ്ങൾ ഡിജിറ്റലാക്കാൻ മാനേജ്‌മെന്റ് പോർട്ടലുകളുമായി കൈറ്റ്

SEPTEMBER 28, 2025, 6:10 AM

 തിരുവനന്തപുരം: കേരളത്തിലെ ഹയർ സെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൽ ആക്കാൻ ഓൺലൈൻ മാനേജ്‌മെന്റ് പോർട്ടലുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി. 1,529 യൂണിറ്റുകളുള്ള ഹയർ സെക്കൻഡറി വിഭാഗത്തിന് www.dhsenss.kite.kerala.gov.in,  www.vhsenss.kite.kerala.gov.in എന്ന ഡൊമെനിലാണ് പോർട്ടലുകൾ. ഈ അധ്യയന വർഷം (2025-26) മുതൽ  രണ്ട്‌ലക്ഷത്തോളം കുട്ടികൾ അംഗങ്ങളായുള്ള എൻ.എസ്.എസ്. യൂണിറ്റുകളുടെ ഭരണപരമായ പ്രവർത്തനങ്ങൾ ഇതോടെ പൂർണ്ണമായും ഓൺലൈനായി മാറും.

പുതിയ എൻ.എസ്.എസ്. മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ സ്‌കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്ക് (പി.ഒ) ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തിയ എല്ലാ പ്രവർത്തനങ്ങളും നേരിട്ട് ഷെഡ്യൂൾ ചെയ്യാൻ കഴിയും. ഓരോ പ്രവർത്തനത്തിന്റെയും ഹാജർ പി ഒയ്ക്ക് ഓൺലൈനായി തൽക്ഷണം രേഖപ്പെടുത്താൻ സാധിക്കും. എൻ.എസ്.എസ്. വോളണ്ടിയർമാരുടെ യൂണിറ്റ് പ്രവർത്തനങ്ങൾ, ഓറിയന്റേഷൻ, കമ്മ്യൂണിറ്റി ക്യാമ്പ് പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ വിലയിരുത്തലുകൾ പോർട്ടൽ വഴി നടത്താം. ഓരോ യൂണിറ്റിന്റെയും ക്യാമ്പ് മൂല്യനിർണ്ണയം, ഇന്റർ-ഡിസ്ട്രിക്ട് മൂല്യനിർണ്ണയം തുടങ്ങിയവ ബന്ധപ്പെട്ട ജില്ലാ- സംസ്ഥാന ചുമതലക്കാർക്ക് ഉൾപ്പെടെ സിസ്റ്റം വഴി നടത്താനാകും.

ക്യാഷ് ബുക്ക് ഉൾപ്പടെ മുഴുവൻ രജിസ്റ്ററുകളും മാന്വൽ രീതിയിൽ നിന്ന് മാറി പൂർണമായും ഓൺലൈൻ വഴിയാക്കാനും സൗകര്യമുണ്ട്. ഈ സംവിധാനം നടപ്പിലാക്കുന്നതിലൂടെ പി ഒ മാർക്ക് വിപുലമായ ഫിസിക്കൽ രജിസ്റ്റർ സൂക്ഷിക്കലും ഡോക്യുമെന്റേഷനും ഒഴിവാക്കാനും അവരുടെ അഡ്മിനിസ്‌ട്രേറ്റീവ് ഭാരം കാര്യമായി കുറയ്ക്കാനും സാധിക്കും. വോളണ്ടിയർമാരെയും യൂണിറ്റിനെയും അവരുടെ പ്രവർത്തനങ്ങളെയും സംബന്ധിച്ച സമഗ്രമായ റിപ്പോർട്ടുകൾ അധികാരികൾക്കും പി ഒ യ്ക്കും കാണാനും പ്രിന്റ് ചെയ്യാനും കഴിയും. കൂടാതെ, യൂണിറ്റ് അടിസ്ഥാനത്തിലുള്ള സംസ്ഥാനതല സ്റ്റാറ്റിസ്റ്റിക്‌സ് എല്ലാവർക്കും കാണാൻ സാധിക്കുന്നതിലൂടെ പ്രവർത്തനങ്ങളിൽ കൂടുതൽ വ്യക്തതയും നിരീക്ഷണവും ഉറപ്പാക്കുന്നു. യൂണിറ്റുകളുടെ പ്രവർത്തനങ്ങളും ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ സ്‌കൂൾവിക്കി (www.schoolwiki.in) പ്ലാറ്റ്ഫോമിൽ അപ്‌ലോഡ്‌ ചെയ്യാനും കൈറ്റ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിലൂടെ എൻ.എസ്.എസ്. വോളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ എല്ലാവർക്കും കാണാൻ കഴിയും.

vachakam
vachakam
vachakam

പൊതുവിദ്യാഭ്യാസ വകുപ്പിൽ പ്രതിവർഷം 1.8 ലക്ഷം കുട്ടികളുള്ള 'ലിറ്റിൽ കൈറ്റ്‌സ് ' ഐ.ടി. ക്ലബ്ബുകൾക്ക് നിലവിലുണ്ടായിരുന്ന പൂർണ്ണമായും ഓൺലൈനായുള്ള സംവിധാനങ്ങളാണ് ഇപ്പോൾ എൻ.എസ്.എസ്. യൂണിറ്റുകൾക്കും ലഭ്യമാകുന്നത്. കുട്ടികളുടെ തിരഞ്ഞെടുപ്പ് മുതൽ ഹാജർ രേഖപ്പെടുത്തൽ, ക്യാമ്പുകൾ ക്രമീകരിക്കൽ, സാമ്പത്തിക വിവരങ്ങൾ രേഖപ്പെടുത്തൽ,  ഗ്രേഡിംഗും സർട്ടിഫിക്കറ്റ് വിതരണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബുകൾക്ക് നിലവിൽ ഓൺലൈൻ വഴിയാണ് നടപ്പിലാക്കുന്നത്. ഈ സംവിധാനം മറ്റു ക്ലബ്ബുകൾക്കും വ്യാപിപ്പിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചിരുന്നു.

        പോർട്ടൽ എളുപ്പത്തിൽ മനസ്സിലാക്കി പ്രവർത്തിപ്പിക്കാനായി വിശദമായ വീഡിയോ ട്യൂട്ടോറിയലും ഘട്ടം ഘട്ടമായുള്ള ഡോക്യുമെന്റേഷനും പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. കൈറ്റിന്റെ ജില്ലാ ഓഫീസുകൾ വഴി എല്ലാ പ്രോഗ്രാം ഓഫീസർമാർക്കും പരിശീലനം നൽകാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്  അറിയിച്ചു. എല്ലാ എൻ.എസ്.എസ്. യൂണിറ്റുകൾക്കും പോർട്ടലും ബന്ധപ്പെട്ട പ്രവർത്തനങ്ങളും സുഗമമായി പ്രവർത്തിക്കുന്നതിന് കൈറ്റ് സാങ്കേതിക സഹായം നൽകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam