തിരുവനന്തപുരം: കിളിമാനൂരിൽ നടന്ന വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകരയിൽ നിന്നാണ് ഇയാളെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി പിടികൂടിയത്.
വിഷ്ണു സഞ്ചരിച്ച ജീപ്പ് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ദമ്പതികളെ ഇടിച്ചുതെറിപ്പിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിനു പിന്നാലെ നാട്ടുകാർ വിഷ്ണുവിനെ പിടികൂടി പൊലീസിന് കൈമാറിയിരുന്നെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്.
ഈ മാസം മൂന്നിന് വൈകിട്ട് സംസ്ഥാന പാതയിലെ പാപ്പാലയിലായിരുന്നു അപകടം. കിളിമാനൂർ സ്വദേശികളായ രജിത്തും ഭാര്യ അംബികയും സഞ്ചരിച്ച സ്കൂട്ടറിലേക്ക് അമിതവേഗത്തിൽ എത്തിയ ഥാർ ജീപ്പ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അംബിക ഏഴാം തീയതിയും, രജിത് പിന്നീട് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയും മരണപ്പെട്ടു.
അപകടമുണ്ടാക്കിയയാളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാർ കിളിമാനൂർ പൊലീസ് സ്റ്റേഷൻ മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. മരിച്ച ദമ്പതികളുടെ മക്കളെയും കൂട്ടിച്ചേർത്ത് നടത്തിയ പ്രതിഷേധം ഏറെ ശ്രദ്ധ നേടിയിരുന്നു.
അപകടത്തിനു ശേഷം നിർത്താതെ പോയ ജീപ്പ് നാട്ടുകാർ തടഞ്ഞ് വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ പൊലീസിന് കൈമാറിയെങ്കിലും, അംബികയുടെ മരണത്തിന് ശേഷം മാത്രമാണ് ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ഇതിനിടെ വിഷ്ണു ഒളിവിൽ പോയിരുന്നു. ജീപ്പിൽ അപകടസമയത്ത് മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
