കേരള രാഷ്ട്രീയത്തിലെ പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങളെയും കീഴ്‌വഴക്കങ്ങളെയും അട്ടിമറിച്ചുകൊണ്ട് വി.ഡി സതീശന്‍ കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി അധികാരമേറ്റിരിക്കുകയാണ്. മുന്‍പ് മന്ത്രിയായി ഭരണപരിചയമില്ലാതിരുന്നിട്ടും നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണ കുറവായിരുന്നിട്ടും ജനവികാരത്തെ മാനിച്ചുകൊണ്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അദ്ദേഹത്തെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സംഘടനാ പാരമ്പര്യങ്ങളേക്കാള്‍ വലുത് ജനങ്ങളുടെ ആഗ്രഹമാണെന്ന് തെളിയിക്കുന്ന ഒന്നായിരുന്നു ആ ചരിത്രപരമായ തീരുമാനം.
നിയമസഭയിലെ മൂര്‍ച്ചയുള്ള ശബ്ദം
2001 ല്‍ പറവൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തിയ വി.ഡി സതീശന്‍, സ്‌കൂള്‍ കാലഘട്ടം മുതല്‍ക്കേ മികച്ചൊരു പ്രസംഗകനായിരുന്നു. സഭയ്ക്കകത്ത് ബൗദ്ധിക സംവാദങ്ങളിലൂടെയും മൂര്‍ച്ചയേറിയ ചോദ്യങ്ങളിലൂടെയും കോണ്‍ഗ്രസിന്റെ മുന്‍നിര പോരാളിയായി അദ്ദേഹം മാറി. പ്രതിപക്ഷത്തിന്റെ പല നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് പിന്നിലും അദ്ദേഹത്തിന്റെ ബുദ്ധിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
പ്രതിപക്ഷ നേതൃത്വത്തില്‍ നിന്ന് വിജയ ശില്പിയിലേക്ക്
2021 ല്‍ തുടര്‍ച്ചയായി ഭരണം നഷ്ടപ്പെട്ട് തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് മുന്നണിയുടെ പ്രതിപക്ഷ നേതാവായി ചുമതലയേറ്റതോടെയാണ് സതീശന്റെ രാഷ്ട്രീയ കരിയറിലെ വഴിത്തിരിവ് ഉണ്ടാകുന്നത്. പിണറായി സര്‍ക്കാരിനെ നിരന്തരം പ്രതിരോധത്തിലാക്കാന്‍ അദേഹത്തിന് കഴിഞ്ഞു. പലപ്പോഴും കൃത്യമായ രാഷ്ട്രീയ ആസൂത്രണവും സോഷ്യല്‍ എന്‍ജിനീയറിംഗും അദ്ദേഹം നടപ്പിലാക്കി. ഉപതിരഞ്ഞെടുപ്പുകളിലും ലോക്‌സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനെ വിജയത്തിലേക്ക് നയിച്ചു.
'പട നയിച്ചവന്‍ തന്നെ നാടു ഭരിക്കട്ടെ' എന്ന അണികളുടെയും പൊതുസമൂഹത്തിന്റെയും പ്രഖ്യാപനമാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 102 സീറ്റുകളുടെ വമ്പന്‍ വിജയം സമ്മാനിച്ചതും സതീശനെ മുഖ്യമന്ത്രി കസേരയിലേക്ക് എത്തിച്ചതും.
താന്‍ പ്രവചിച്ചതുപോലെ കേരള രാഷ്ട്രീയത്തില്‍ 'വിസ്മയങ്ങള്‍' സൃഷ്ടിച്ചുകൊണ്ട്, കനല്‍വഴികള്‍ താണ്ടി വി.ഡി സതീശന്‍ യുഗം ഇനി കേരളത്തില്‍ ആരംഭിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
