ആലപ്പുഴ: നാടിനെ നടുക്കിയ കരുവാറ്റ വയോധിക കൊലപാതക കേസില്‍ നടപടികള്‍ കര്‍ശനമാക്കി അന്വേഷണ സംഘവും സുപ്രീം കോടതിയും. എട്ടാം ക്ലാസുകാരിയുടെ ആസൂത്രണത്തില്‍ കൗമാരക്കാരായ നാലുപേര്‍ ചേര്‍ന്ന് നടത്തിയ അതിക്രൂരമായ കൃത്യം വലിയ ഞെട്ടലോടെയാണ് പൊതുസമൂഹം വീക്ഷിക്കുന്നത്. കുറ്റകൃത്യത്തിന്റെ ആഴവും പ്രതികളുടെ പ്രായവും കണക്കിലെടുത്ത്, കേസിന്റെ തുടര്‍നടപടികളില്‍ സുപ്രീംകോടതി നിയോഗിച്ച ബാലാവകാശ നിയമവിദഗ്ധരുടെ നേരിട്ടുള്ള നിരീക്ഷണം ഉണ്ടാകും. കേസിന്റെ വിചാരണ വേളയിലടക്കം ഈ മേല്‍നോട്ടം തുടരുമെന്നാണ് വ്യക്തമാകുന്നത്.
വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂര്‍ സ്വദേശി ശിവന്‍കുട്ടി ചെട്ടിയാരാണ് സ്വന്തം ബന്ധുവായ പെണ്‍കുട്ടിയുടെയും കൂട്ടാളികളുടെയും ആസൂത്രിതമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൈയുറകള്‍ ധരിച്ച് അതീവ ജാഗ്രതയോടെ കൃത്യം നിര്‍വഹിച്ച പ്രതികള്‍, കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. കൊല്ലത്തുനിന്ന് ട്രെയിന്‍ മാര്‍ഗം ഹരിപ്പാട്ടെത്തി ഓട്ടോറിക്ഷയിലാണ് ഇവര്‍ കരുവാറ്റയിലെത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച സാമഗ്രികള്‍ വാങ്ങിയ സ്ഥലങ്ങള്‍ കണ്ടെത്താനും പ്രതികള്‍ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെക്കൊണ്ട് തിരിച്ചറിയിക്കാനുമായി പ്രതികളെ ശനിയാഴ്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കും.
നിലവില്‍ കോഴിക്കോട്ടെയും മായിത്തറയിലെയും നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്ന കുറ്റാരോപിതരെ സുപ്രീം കോടതി വിദഗ്ധര്‍ വീഡിയോ കോളിലൂടെ ബന്ധപ്പെടുകയും കൗണ്‍സലിങ്ങിന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഹൈക്കോടതി കേന്ദ്രമായ കേരള നിയമസഹായ സമിതിയിലെ അംഗങ്ങള്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതികളായതിനാല്‍ പരമ്പരാഗത ചോദ്യം ചെയ്യലിന് പകരം ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സാന്നിധ്യത്തില്‍ പ്രത്യേക അഭിമുഖം മാത്രമായിരിക്കും പൊലീസ് നടത്തുക. അതിസുരക്ഷ ഉറപ്പാക്കുന്ന എക്‌സ്‌കോര്‍ട്ട് മൂവ്‌മെന്റ് മാനദണ്ഡങ്ങള്‍ പാലിച്ചാകും വരും ദിവസങ്ങളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
