തളിപ്പറമ്പ്: കണ്ണൂർ തയ്യിലിൽ പിഞ്ചുകുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ടാം പ്രതി ശരണ്യയുടെ സുഹൃത്ത് നിധിനെ വെറുതെ വിട്ടു. ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തതിനെ തുടർന്നാണ് രണ്ടാം പ്രതിയെ വെറുതെ വിട്ടത്.
തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി ജഡ്‍ജി കെ.എൻ.പ്രശാന്താണ് വിധി പറഞ്ഞത്. കണ്ണൂർ തയ്യിൽ കൊടുവള്ളി ശരണ്യ മകൻ വിയാനെ(ഒന്നര) കൊന്നുവെന്നാണ് കേസ്. നിധിനൊപ്പം ജീവിക്കാനായി മകനെ ഒഴിവാക്കാൻ രാത്രി കടലിലെറിഞ്ഞെന്നാണ് കേസ്. വാദിഭാഗത്തിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യു.രമേശനാണ് ഹാജരായത്.
കാമുകനൊത്ത് സുഖജീവിതം നയിക്കാനാണു ശരണ്യ കൃത്യം നടത്തിയതെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. അറസ്റ്റ് നടന്ന് തൊണ്ണൂറാം ദിവസമാണു പൊലീസ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 2020 ഫെബ്രുവരി 17നാണു വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഒന്നര വയസ്സുകാരൻ വിയാനെ കാണാതായതും തിരച്ചിലിൽ കടപ്പുറത്തു മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
കൊലപാതക പ്രേരണയിലും ഗൂഢാലോചനയിലുമുള്ള കാമുകൻ നിധിന്റെ പങ്കും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ശരണ്യയുടെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ ഉപ്പുവെള്ളത്തിന്റെ അംശം കേസിൽ നിർണായക തെളിവായി. ബന്ധത്തിന്റെ പേരിൽ നിധിൻ കൊലപാതകത്തിന് നിർബന്ധിച്ചു എന്ന് പറയാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, പ്രോസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി വിമർശിച്ചു. തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ചയുണ്ടായെന്നും കേസ് നടത്തിപ്പിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചെന്നും കോടതി പറഞ്ഞു. പ്രോസിക്യൂട്ടർമാരുടെ നിയമനം രാഷ്ട്രീയ നിയമനം ആകാൻ പാടില്ലെന്നും കോടതി വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
