വയനാട് കള്ളാടി ദുരന്തം: മണ്ണ് നീക്കലില്‍ നിര്‍ണ്ണായക തീരുമാനം; പഠനത്തിനായി മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു

JULY 10, 2026, 8:44 PM

കല്‍പ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ കടുത്ത മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍, ദുരന്തഭൂമിയില്‍ നിന്ന് സുരക്ഷിതമായി മണ്ണ് നീക്കം ചെയ്യുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ മൂന്നംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ നടത്തിയ നിര്‍ണ്ണായക കൂടിക്കാഴ്ചയിലാണ് സമിതി രൂപീകരണത്തിന് ധാരണയായത്. എന്‍ഐടി പ്രൊഫസര്‍ ഡോ. സന്തോഷ് ജി. തമ്പി, ഡോ. ജ്യൂഡ് ഇമ്മാനുവല്‍, സി.ഇ.എസ്.എസ് ഡയറക്ടറുടെ പ്രതിനിധി എന്നിവരടങ്ങുന്നതാണ് സമിതി.

മേഖലയിലെ പ്രകൃതിദത്ത ഘടനയ്ക്ക് ആഘാതമുണ്ടാക്കാതെ മണ്ണ് മാറ്റുന്നതിനുള്ള മേല്‍നോട്ടം ഈ സമിതി പൂര്‍ണ്ണമായും വഹിക്കും. സമീപ പ്രദേശമായ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന്റെ സുരക്ഷ പൂര്‍ണ്ണമായി ഉറപ്പുവരുത്തുക എന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമിതി നല്‍കും. പഠനത്തിനും പരിശോധനകള്‍ക്കുമായി വിദഗ്ധ സംഘത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സഹായങ്ങളും ഒരുക്കാന്‍ വയനാട് ജില്ലാ കളക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം മേഖലയില്‍ നാലാം ദിവസവും തിരച്ചില്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. കാണാതായ സര്‍വ്വെയറും പശ്ചിമബംഗാള്‍ സ്വദേശിയുമായ രാകേഷ് ഗുച്ചാദിന്റെ മൃതദേഹം തിരച്ചിലിന്റെ നാലാം ദിനത്തില്‍ പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. ഇപ്പോഴും കാണാമറയത്തുള്ള വിക്രം റാണയ്ക്കായുള്ള തിരച്ചില്‍ നാളെ കൂടുതല്‍ ശക്തമാക്കും. ദുരന്തമേഖലയിലെ രണ്ടാമത്തെ സോണില്‍ വന്‍തോതില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നാളെ പൂര്‍ണ്ണമായി നീക്കം ചെയ്യാനാണ് തീരുമാനം. ഈ സോണ്‍ കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധനയിലൂടെ റാണയെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനവും മണ്ണ് നീക്കലും തടസ്സമില്ലാതെ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam