ആസൂത്രണ ബോർഡിലെ നിയമന പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങൾ പൂർണമായും നിഷേധിച്ച് ഒന്നാം റാങ്ക് നേടിയ അരുൺ ജെ. പ്രതാപ്. പരീക്ഷയിൽ 10 ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യപ്പെട്ടില്ലെന്ന വിവരം താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും, ഒന്നാം റാങ്ക് ലഭിച്ചത് യാതൊരു രാഷ്ട്രീയ സ്വാധീനത്തിന്റെയോ അനധികൃത ഇടപെടലിന്റെയോ ഫലമല്ലെന്നും അരുൺ വ്യക്തമാക്കി.
കെ.ജി.ഒ.എ നേതാവാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, സാധാരണ ഉദ്യോഗാർഥിയായാണ് പരീക്ഷയെഴുതി റാങ്ക് പട്ടികയിൽ ഇടംനേടിയതെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സി ബോർഡ് അംഗങ്ങളുമായോ മറ്റ് ഉദ്യോഗസ്ഥരുമായോ വ്യക്തിപരമായ ബന്ധമൊന്നുമില്ലെന്നും അരുൺ കൂട്ടിച്ചേർത്തു.
പരീക്ഷാ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘവും ആഭ്യന്തര വിജിലൻസും തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ തസ്തികകളിലേക്കുള്ള നിയമന പരീക്ഷയിലാണ് ക്രമക്കേട് ആരോപണം ഉയർന്നത്. പരീക്ഷയെഴുതിയ 228 ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകളിൽ 10 ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യപ്പെട്ടില്ലെന്നാണ് ആരോപണം. ഓൺ-സ്ക്രീൻ മൂല്യനിർണയത്തിനിടെ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങൾ ഒഴിവായതായും പരാതിയുണ്ട്.
പരീക്ഷ കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടിട്ടും മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ലെന്നും, ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടിട്ടും ഉത്തരക്കടലാസുകളുടെ പകർപ്പുകൾ കൈമാറിയില്ലെന്നും ആരോപണമുണ്ട്. മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ നിയമന ശുപാർശ നൽകിയതും വിവാദമായി. ഒരു സംഘടനാ നേതാവിന് ഒന്നാം റാങ്ക് ഉറപ്പാക്കാനാണ് അട്ടിമറി നടന്നതെന്നാണ് ചില ഉദ്യോഗാർഥികളുടെ ആരോപണം.
വിവാദം ശക്തമായതോടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പരീക്ഷാ വിഭാഗത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച് അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പി.എസ്.സി ചെയർമാനും ചില അംഗങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ് സൂചന.
അതേസമയം, ഉത്തരക്കടലാസുകളും ഓൺ-സ്ക്രീൻ മൂല്യനിർണയവുമായി ബന്ധപ്പെട്ട ലോഗിൻ വിവരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം പി.എസ്.സി സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. പി.എസ്.സിയെ സംബന്ധിച്ച മറ്റ് പരാതികളും ഉൾപ്പെടുത്തി അന്വേഷണം വിപുലീകരിക്കാനാണ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
