തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണങ്ങൾ തള്ളി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രതിഭ എന്ന സ്ത്രീയെ അറിയില്ല. അങ്ങനെ ഒരു സ്ത്രീയുടെ സാമ്പത്തിക വിഷയത്തിൽ ജീവിതകാലത്തിൽ ഇടപെട്ടതായി അറിയില്ല. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഒരു പൊലീസ് സ്റ്റേഷനിലും പോയിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. അതേസമയം, പോറ്റിയുടെ പരാതിയിൽ അന്വേഷണം നടത്താൻ തുമ്പ പൊലീസിന് നിർദേശം നൽകി. ഗൂഢാലോചന തെളിഞ്ഞാൽ കേസെടുക്കണമെന്നും പൊലീസ് മേധാവി നിർദേശം നൽകി.
തന്റെ നിയോജക മണ്ഡലത്തിൽ ഉള്ള ഒരു സ്കൂൾ നടത്തിയിരുന്ന വ്യക്തിയാണ് പ്രതിഭ എന്ന് പിന്നീട് മനസിലായെന്നും കടകംപള്ളി പറഞ്ഞു. തുമ്പ പോലീസ് സ്റ്റേഷനിൽ ഒരു തവണ പോയത് പുതിയ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനത്തിനാണ്. സ്ഥലം എംഎൽഎ എന്ന നിലയ്ക്കാണ് അന്ന് പോയത്. ഇന്നലെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ആളുകളെ വിളിച്ചോ എന്ന് അന്വേഷിച്ചു.
പൊലീസിനും അക്കാര്യം അറിയില്ല. പിന്നെ എന്തിന് പോറ്റി പരാതി കൊടുത്തു എന്ന് അറിയില്ലെന്നും കടകംപള്ളി പറഞ്ഞു.താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന അവസ്ഥയിലാണ് തനിക്കെതിരെ ആരോപണങ്ങൾ ഉയരുന്നത്. ഇടതുപക്ഷത്തിനും തനിക്കും ചില മുൻകയ്യുണ്ടെന്ന് സർവേകൾ കാണിക്കുന്നു. ഈ പശ്ചാത്തലത്തിൽ തന്നെ അപമാനിക്കാൻ നടത്തിയ നീചമായ ഗൂഢാലോചനയാണിത്. പോറ്റിക്ക് പിന്നിൽ എല്ലാവർക്കും സുപരിചിതനായ ആളാണ്, ആരെന്ന് ഇപ്പോൾ പറയുന്നില്ലെന്നും കടകംപള്ളി പറഞ്ഞു.
സംഭവത്തിൽ മാധ്യമങ്ങൾക്കെതിരെയും കടകംപള്ളി വിമർശനമുന്നയിച്ചു. മാധ്യമങ്ങൾക്ക് വാർത്ത കൊടുക്കുന്നതിനു മുൻപ് അന്വേഷിക്കാമായിരുന്നുവെന്നും എന്തിനാണ് ഇത്തരത്തിൽ കരിവാരി തേക്കുന്നതെന്നും കടകംപള്ളി ചോദിച്ചു. തനിക്ക് ആകെ പരിചയമുള്ള പ്രതിഭ യു. പ്രതിഭയാണ്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സ്കൂൾ നടത്തുന്ന ആളാണ് പ്രതിഭ എന്നറിഞ്ഞതെന്നും കടകംപള്ളി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
