തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കെ. സുധാകരൻ എം.പി. സ്വീകരിച്ച കടുത്ത നിലപാട് കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു.
പ്രശ്നപരിഹാരത്തിനായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല സുധാകരനെ വീണ്ടും ഫോണിൽ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങാൻ തയ്യാറായില്ല. നിലവിൽ കണ്ണൂരിലുള്ള സുധാകരനോട് മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും ചർച്ചകൾക്കായി ഡൽഹിയിലേക്ക് എത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായാണ് വിവരം.
സുധാകരന്റെ അനുയായികൾ വിവിധ ജില്ലകളിൽ നിന്ന് കണ്ണൂരിലെത്തി ക്യാമ്പ് ചെയ്യുന്നത് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. പ്രവർത്തകരെ പ്രകോപിപ്പിച്ച് തെരുവിലിറക്കരുതെന്ന് ചെന്നിത്തല നിർദ്ദേശിച്ചെങ്കിലും, സീറ്റ് ഉറപ്പാക്കിയാൽ മാത്രമേ ഡൽഹിയിലേക്ക് ഉള്ളൂ എന്ന ഉറച്ച നിലപാടിലാണ് സുധാകരൻ.
അതേസമയം, ആർക്കും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ കഴിയില്ലെന്നും പാർട്ടി തീരുമാനിക്കുന്നവർ മാത്രമേ മത്സരരംഗത്ത് ഉണ്ടാവുകയുള്ളൂ എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സുധാകരനെ സ്ഥാനാർത്ഥിയാക്കുമെന്ന് ഉറപ്പുനൽകാൻ താൻ വലിയ നേതാവല്ലെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
