തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ മത്സരരംഗത്ത് നിന്ന് മാറിനിന്ന നേതാക്കൾക്ക് അർഹമായ പരിഗണന നൽകുമെന്ന് വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എം.പി. ഇവരെ സുപ്രധാന പദവികളിൽ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ സ്ഥാനാർത്ഥിയാകാൻ അർഹരായ നിരവധി പേർ ഉണ്ടെന്നും, പലർക്കും സീറ്റ് ലഭിക്കാത്തതിൽ മനോവിഷമം ഉണ്ടായത് സ്വാഭാവികമാണെന്നും വേണുഗോപാൽ പറഞ്ഞു. എന്നാൽ, പത്ത് വർഷമായി തുടരുന്ന ഇടത് ഭരണം അവസാനിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും, അതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കോൺഗ്രസിൽ അർഹതപ്പെട്ട ഒരുപാട് പേരുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ച പേരുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ സ്ഥാനാർത്ഥികളും പ്രഖ്യാപിച്ചു കഴിഞ്ഞു. പത്ത് വർഷത്തെ ഇടത് ഭരണം അവസാനിപ്പിക്കാനുള്ള തെരഞ്ഞെടുപ്പാണിത്,” എന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥിയാകാൻ കഴിയാത്തവർ അവരുടെ പ്രയാസങ്ങൾ നേതൃത്വം അറിയിച്ചതായും, അതിനെ മനസ്സിലാക്കി അവർ പാർട്ടിക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെന്നും വേണുഗോപാൽ വ്യക്തമാക്കി.
“ഈ തെരഞ്ഞെടുപ്പിൽ മത്സരത്തിൽ നിന്ന് മാറിനിൽക്കുന്നവരെ യുഡിഎഫ് സർക്കാർ വന്നാൽ സുപ്രധാന സ്ഥാനങ്ങളിൽ പരിഗണിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. പാർട്ടി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ഇറങ്ങുന്ന എല്ലാവർക്കും അർഹിക്കുന്ന അംഗീകാരം ലഭിക്കും,” എന്നും കെ. സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
