മാസപ്പടിക്കേസിൽ സർക്കാർ നിലപാടിനെതിരെ ജിൻറോ  ജോൺ 

OCTOBER 16, 2026, 2:25 AM

കൊച്ചി:  മാസപ്പടി കേസിലെ സംസ്ഥാന സർക്കാർ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് വക്താവ് ജിൻറോ ജോൺ. സർക്കാർ എല്ലാവരുടേതും ആകണമെന്നും പ്രത്യേകമായി പിണറായിയുടെതെന്ന് തോന്നിപ്പിക്കരുതെന്നും ഫേസ്ബുക്കിൽ കുറിച്ചു.  ഫേസ്ബുക്ക്  കുറിപ്പ് ഇങ്ങനെ.

ഉമ്മൻചാണ്ടി നീതിമാനായിരുന്നു എന്ന് ഒരായിരം വട്ടം പ്രസംഗിച്ചവർ അതെല്ലാം മറന്നു പോയി. ആ മനുഷ്യന്റെ പേരിൽ കൂടിയായിരുന്നു ഈ വിജയമെന്നും മറന്നു. 100% നീതി നിഷേധിക്കപ്പെട്ടാണ് ഉമ്മൻ ചാണ്ടിയുടെ അവസാന യാത്ര എന്നതും മറന്നു. പിണറായി വിജയന്റെ മൂന്ന് അന്വേഷണ ടീമുകൾ തെളിവില്ലെന്ന് പറഞ്ഞിട്ടും വിശ്വാസ്യത തരിമ്പുമില്ലാത്ത സരിതയുടെ കത്തെഴുതി വാങ്ങി സിബിഐ അന്വേഷണം ശുപാർശ ചെയ്ത പിണറായി ഭരണത്തിൽ ഉമ്മൻചാണ്ടിക്ക് നേരിട്ട നീതിനിഷേധം മറക്കാനുള്ള പ്രായമായോ നേതാക്കളെ? 

പുനർജ്ജനി കേസിൽ അന്നത്തെ പ്രതിപക്ഷ നേതാവ് വ് ഡി സതീശനെ പെടുത്താൻ പരമാവധി ശ്രമിച്ചതും മോൻസൺ മാവുങ്കൽ കേസിൽ കള്ളമൊഴിയുണ്ടാക്കി കെ. സുധാകരനെ വേട്ടയാടിയതും വെളുപ്പാൻകാലത്തും നട്ടപ്പാതിരക്കും കിടക്കപ്പായയിൽ നിന്ന് യുവജന വിദ്യാർത്ഥി നേതാക്കളെ ഉടുതുണിയാലെ അറസ്റ്റ് ചെയ്തതും മറക്കാറായോ മുതിർന്നവരേ?തിരുട്ട് കുടുംബത്തിന്റെ സംഘടിത കൊള്ളക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട മാത്യു കുഴൽനാടന്റെ വായിൽ കുഴലപ്പം തിരുകാൻ തിരക്കുകൂട്ടിയ അന്തംകമ്മികൾക്ക് ആഘോഷിക്കാൻ അയാളുടെ വീടും പറമ്പും തൊഴുത്തും വരെ അളന്ന് പരമാവധി കേസുകളിൽപ്പെടുത്താൻ ശ്രമിച്ചത് മറക്കാൻ മാത്രം വലുതായോ നിങ്ങൾ? പിണറായിയുടെ പകയിൽ പടച്ചെടുത്ത കള്ളക്കേസിൽ ആക്ഷേപിക്കപ്പെട്ട, വേട്ടയാടപ്പെട്ട മനുഷ്യരുടെ ഓർമ്മകൾ പോലും പക്വതക്കുറവായി തോന്നുന്ന വളർച്ചയെത്തിയോ മുതിർന്നവരെ നിങ്ങൾക്ക്?

vachakam
vachakam
vachakam

പിണറായിയുടെ മകൾക്ക് മാസപ്പിടിയായി കോടികളും അവർക്ക് കൊള്ളയടിച്ചു ഭരിക്കാൻ പത്തുവർഷവും കിട്ടി. ആ ധാർഷ്ട്യത്തിൽ കുന്നംകുളത്തെ സുജിത്തിനും രക്ഷാപ്രവർത്തനം നേരിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും കെഎസ്ക്കാർക്കുമെല്ലാം കേസും ജയിൽവാസവും ക്രൂരമർദ്ദനങ്ങളും കിട്ടിയപ്പോൾ മറവിയിലേക്ക് വേഗത കൂട്ടിയ അധികാരം കിട്ടിയത് നിങ്ങൾക്കാണ്. അവിടെ പിന്നെ സാധാരണ പ്രവർത്തകരുടെ വികാരം പോലും പക്വതക്കുറവാണല്ലോ അല്ലേ?

പതിനായിരക്കണക്കിന് പിൻവാതിൽക്കമ്മികളും ബോർഡ് കോർപ്പറേഷൻ സഖാക്കളും അഞ്ചുമാസക്കാലമായി ഞങ്ങളും കൂടി വിയർത്ത് പണിയെടുത്ത് നേടിയ ഭരണത്തിന്റെ തണൽപ്പറ്റി ശമ്പളം വാങ്ങുന്നുണ്ട്. അന്തംകമ്മികൾ നായാട്ട് തുടരുന്നു. ഇതെല്ലാം ഓർക്കാത്തവർ പിണറായിക്കാലം മറക്കുന്നതിന്റെ വേഗത സങ്കടകരമാണ്. പാവപ്പെട്ട മറ്റ് മനുഷ്യർക്കില്ലാത്ത ഒരു പ്രിവിലേജും പിണറായിക്കും കുടുംബത്തിനും വച്ചുനീട്ടരുത്. സാധാരണ സിപിഎമ്മുകാർ പോലും ആഗ്രഹിക്കാത്തത് നമ്മളെന്തിന് മാസപ്പടിക്കാർക്ക് ദാനം നൽകണം. 

കടത്ത് കടന്ന് കര പറ്റിയാൽ തോണി പുഴയിൽ മുക്കുന്ന പോലുള്ള നിലപാട് ഒരല്പം വാർദ്ധക്യസഹജമാണ്. വിശ്വാസ്യതയില്ലാത്ത ഇ ഡിയുടെ കത്തിൽ അതിവേഗ കേസെടുക്കാത്തത് 100% ശരിയായ നിലപാടായിരുന്നു. വൈര്യനിരാതന ബുദ്ധി തിരിച്ചു കാണിച്ചല്ല പിണറായിയെ ജയിക്കേണ്ടത് എന്നതും രാഷ്ട്രീയ ശരിയാണ്. പക്ഷേ ഒട്ടും വിശ്വാസ്യതല്ലാത്ത ഇ ഡി റിപ്പോർട്ടിന് മുന്നിൽ അത്രപോലും വിശ്വാസ്യതയില്ലാത്ത വീണയും പിണറായി വിജയനും പരുങ്ങുമ്പോൾ അനുപാതരഹിതമായ സാവകാശം സംശയിക്കപ്പെടും. രാഷ്ട്രീയ കൃത്യതയുള്ള നിലപാടെടുത്തതിൽ നിന്ന് സാമാന്യബോധമുള്ളവരുടെ നെറ്റി ചുളിയും വിധമുള്ള അമാന്തമുണ്ടായാൽ ചോദ്യങ്ങളുയരും. 

vachakam
vachakam
vachakam

നൈതികതയില്ലാത്ത വേട്ടയാടലുകൾ പിണറായി കാലത്തെ പോലെ ഉണ്ടാകില്ലെന്നത് സ്വാഗതാർഹ നിലപാടാണ്. അതേസമയം മടിയിൽ അധാർമികകതയുടെ കനമുള്ള, കൈകൾ ശുദ്ധമല്ലാത്ത, നിയമപരമായി കേസിനെ നേരിടാൻ കരുത്തില്ലാത്ത മാസപ്പടിയുടെ കാരണഭൂതന്റെ കൈപിടിച്ച് കര പറ്റിക്കുന്നതെന്ന് തോന്നുന്ന ഒന്നുപോലും ഉണ്ടായിക്കൂടാ. രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളായിരുന്ന വി ഡി സതീശനും രമേശ് ചെന്നിത്തലയും പറഞ്ഞ നിലപാടുകൾ ഒരായിരമാവർത്തി ഏറ്റുപറഞ്ഞ് തൊണ്ടപൊട്ടിയ കോൺഗ്രസുകാരുടെ ശിരസ്സ് കുനിയുന്ന മറവികൾ ഉണ്ടായിക്കൂടാ. 

കോടതിയിൽ തോറ്റാലും ജയിച്ചാലും എ ജിക്ക് സർക്കാർ ശമ്പളവും അധികാര സൗഹൃദങ്ങളുമുണ്ടാകും. വാക്ക് മാറ്റിപ്പറയാൻ നിർബന്ധിക്കപ്പെടുന്ന സാധാരണ പ്രവർത്തകർക്ക് അങ്ങാടിയിലും പൊതുയിടങ്ങളിലും ആക്ഷേപവും ആട്ടും മാത്രമേ കിട്ടൂ. അധികാര സോപാനങ്ങളിലേക്ക് മുദ്രാവാക്യം വിളിച്ച്  കയറ്റിയവരെ പെരുവഴിയിൽ മൗനികളാക്കി മാറ്റരുത്. മാസപ്പടി വാങ്ങിയ, ഹവാലയും ഫ്യൂച്ചർ ബിസിനസും നടത്തിയ വീണയും പിണറായി വിജയനും മുഹമ്മദ് റിയാസും മറുപടി പറയട്ടെ. നിയമപരമായി നേരിടട്ടെ. രാഷ്ട്രീയമായി പറഞ്ഞു തോറ്റവരുടെ നാറ്റമെന്തിന് കാര്യമില്ലാതെ കോൺഗ്രസിന്റെ ഖദറിൽ വാരിത്തേക്കണം? പിണറായി കൂട്ടുകുടുംബത്തിന്റെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട വ്യവഹാരിയുടെ വ്യക്തിനിലവാരം അളക്കാൻ ആവേശമുള്ള സർക്കാർ വക്കീൽ പിണറായിയുടെ ഉത്തരമില്ലായ്മക്ക് മറപിടിക്കുന്നതായി സംശയിക്കുന്നവരെ ആക്ഷേപിച്ചിട്ടെന്ത് കാര്യം?

മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ നീതിബോധത്തിൽ നിന്നുമാണ് അഭയ കേസിലെ പ്രതികളെ ശിക്ഷിക്കാനുതകിയ മൊഴിയുണ്ടായതെന്ന് മറക്കരുത്. ഇക്കാര്യത്തിൽ എന്തായാലും പിണറായിയുടേതിനേക്കാൾ മെറിറ്റ് ഹർജിക്കരാനുണ്ട്. കെ എം ഷാജഹാനോട്‌ പല വിയോജിപ്പുകളും ഉള്ളപ്പോൾ തന്നെ, കൊള്ളക്കാരനായ പിണറായിക്ക് വേണ്ടി ഹർജിക്കാരനെ ശല്യക്കാരനായ വ്യവഹാരിയെന്ന ചാപ്പയടിച്ചത് കുറച്ച് കടന്ന കുരുതലായിപ്പോയി. ആരാണിവിടെ പ്രതിയെന്ന് മറക്കുന്ന ഓരോ വാദവും ആത്മഹത്യാപരമാണ്. വന്നവഴി മറക്കുന്നവർ പണിയുന്ന പക്വതയുടെ ഓരോ പാലങ്ങളും എല്ലാവർക്കും ഉള്ളതല്ലെന്നറിയാം. സാധാരണ പ്രവർത്തകരുടെ രാഷ്ട്രീയ ബോധ്യത്തിന് വിലയിടരുത്.  മറുപടിയുത്തരമില്ലാത്ത ഓരോ ചോദ്യങ്ങളിലും തോറ്റു പോകുന്ന സാധാരണ പ്രവർത്തകരെ തിരുട്ട് കുടുംബത്തിന് വിലയ്ക്ക് വയ്ക്കരുത്.

vachakam
vachakam
vachakam

സർക്കാർ എല്ലാവരുടേതുമാകണം. പക്ഷേ പ്രത്യേകമായി പിണറായിയുടേതെന്ന് തോന്നുകയുമരുത്. പാർട്ടിക്കോട്ടകളിലെ സ്വന്തക്കാർക്ക് പോലും വേണ്ടാത്ത മാസപ്പടിക്കാരെ വെളുപ്പിക്കരുത്. മുൻ സർക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്നും ഓർക്കണം. പിണറായി സർക്കാരിന്റെ വിദൂര സാമ്യങ്ങൾ പോലും എണ്ണപ്പെടുമെന്ന ബോധ്യങ്ങളുണ്ടാകണം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam