മാമോദിസയിലെ ലിംഗവിവേചനം ഒഴിവാക്കി യാക്കോബായ സഭ; നിർണായക തീരുമാനങ്ങൾ

MARCH 16, 2026, 3:18 AM

നൂറ്റാണ്ടുകളായി നിലനിന്ന ചില ആചാരങ്ങളിൽ മാറ്റം വരുത്തി യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭയുടെ സൂനഹദോസ് നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചു. സഭയിൽ വിശ്വാസിയായി അംഗമാകുന്ന പ്രാഥമിക കൂദാശയായ മാമോദിസയിൽ നിലനിന്നിരുന്ന ആൺ–പെൺ വ്യത്യാസമാണ് പ്രധാനമായും ഒഴിവാക്കിയത്.

സഭയുടെ തലവനായ ബസേലിയോസ് മാർ ജോസഫ് കാതോലിക്കാ ബാബ പുറത്തിറക്കിയ സർക്കുലറിലാണ് കാലഘട്ടത്തിനനുസരിച്ച് ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തിയതായി അറിയിച്ചത്. പൗരസ്ത്യ പാരമ്പര്യം പിന്തുടരുന്ന എപ്പിസ്കോപ്പൽ സഭകളിൽ നിലവിലുണ്ടായിരുന്ന മാമോദിസ ചടങ്ങിലെ ലിംഗവിവേചനം ഇതോടെ അവസാനിപ്പിക്കുകയാണെന്ന് സൂനഹദോസ് വ്യക്തമാക്കി.

മുമ്പ് മാമോദിസ സ്വീകരിക്കുന്ന കുഞ്ഞ് ആൺകുട്ടിയാണെങ്കിൽ വൈദികൻ കുട്ടിയെ കൈകളിൽ എടുത്ത് അൾത്താരയിലെ ത്രോണോസിലേക്ക് കൊണ്ടുപോയി പ്രാർത്ഥന നടത്തും. എന്നാൽ പെൺകുട്ടികളെ അൾത്താരയിലേക്ക് കൊണ്ടുപോകുകയോ ത്രോണോസിൽ മുട്ടിക്കുകയോ ചെയ്തിരുന്നില്ല. സ്ത്രീകൾക്ക് അൾത്താരയിൽ പ്രവേശനം അനുവദിക്കാത്ത പഴയ ആചാരത്തിന്റെ ഭാഗമായാണ് ഈ വ്യത്യാസം നിലനിന്നിരുന്നത്. ഇനി മുതൽ ഇത്തരത്തിലുള്ള വേർതിരിവുകൾ അനുവദിക്കില്ലെന്ന് സൂനഹദോസ് നിർദേശിച്ചു.

vachakam
vachakam
vachakam

പൊതുമാമോദിസയിൽ പെൺകുട്ടി മുങ്ങിയ വെള്ളത്തിൽ ആൺകുട്ടിയെ മുക്കാൻ പാടില്ലെന്ന പഴയ രീതിയും ഒഴിവാക്കിയിട്ടുണ്ട്. വിശുദ്ധ മൂറോൻ കലർത്തിയ മാമോദിസ തൊട്ടിയിലെ വെള്ളം പെൺകുട്ടികൾ ഉപയോഗിച്ചാൽ പിന്നീട് അത് ഒഴുക്കിക്കളയേണ്ടതില്ലെന്നും പുതിയ വെള്ളം തയ്യാറാക്കേണ്ടതില്ലെന്നും സർക്കുലർ വ്യക്തമാക്കുന്നു.

അതേസമയം സഭാ ശുശ്രൂഷകളിൽ മുതിർന്ന സ്ത്രീകൾക്കുള്ള ചില നിയന്ത്രണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. മേമയിലോ അൾത്താരയിലോ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. എന്നാൽ കുർബാനയുടെ തുടക്കത്തിൽ പഴയ നിയമ വായനകൾ സ്ത്രീകൾക്കും നടത്താൻ അനുവദിച്ചു. ഈ ചടങ്ങ് നമസ്കാര മേശയുടെ ഇരുവശങ്ങളിലായാണ് നടക്കുക.

ഇതിനൊപ്പം മറ്റ് ചില നിർദേശങ്ങളും സൂനഹദോസ് പുറത്തിറക്കിയ സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12 വയസ് മുതൽ വിശ്വാസികൾക്ക് കുമ്പസാരം നിർബന്ധമാക്കും. പെരുന്നാളുകളിൽ കരിമരുന്ന് പ്രയോഗം, പ്രദക്ഷിണങ്ങളിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ, തിരുനാളുകളോട് അനുബന്ധിച്ചുള്ള കലാപരിപാടികൾ എന്നിവ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പള്ളിക്കുള്ളിൽ കേക്ക് മുറിക്കൽ പോലുള്ള ചടങ്ങുകളും അനുവദിക്കില്ല.

vachakam
vachakam
vachakam

വലിയ തിരുനാളുകൾ ഞായറാഴ്ചയല്ലാതെ മറ്റുദിവസങ്ങളിൽ വരുകയാണെങ്കിൽ ഭദ്രാസന മെത്രാപ്പോലീത്തയുടെ അനുമതിയോടെ തലേദിവസം വൈകുന്നേരം കുർബാന നടത്താൻ അനുവാദം നൽകുന്നതായും സർക്കുലറിൽ വ്യക്തമാക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam