കണ്ണൂർ: തളിപ്പറമ്പ് നിയമസഭ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ പി. കെ. ശ്യാമളക്കെതിരെ പാർട്ടിക്കുള്ളിൽ വിമതനീക്കം ശക്തമാകുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി. കെ. ഗോവിന്ദൻ മത്സരത്തിനൊരുങ്ങുന്നതായാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
പി. കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പാണ് ഉയർന്നത്. ജില്ലാ കമ്മിറ്റി യോഗത്തിൽ തന്നെ ഇതുസംബന്ധിച്ച പ്രതിഷേധം ഉയർന്നിരുന്നു. അതിനിടയിലാണ് ഇപ്പോൾ വിമതനീക്കം ശക്തമായത്.
സ്ഥാനാർത്ഥി ചർച്ചകൾക്ക് പിന്നാലെ നടന്ന പാർട്ടി യോഗങ്ങളിൽ ടി. കെ. ഗോവിന്ദൻ പങ്കെടുത്തിരുന്നില്ല. ഏകദേശം ഒരു ആഴ്ചയായി പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കാതിരുന്ന അദ്ദേഹം മണ്ഡലം കമ്മിറ്റി യോഗങ്ങളിലും തുടർന്ന് നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലും പങ്കെടുത്തിട്ടില്ല.
തളിപ്പറമ്പിലെ പാർട്ടിക്കുള്ളിലെ അസംതൃപ്തി ശക്തമാകുന്നതിനിടെ ഈ സാഹചര്യം കോൺഗ്രസ് നേതൃത്വവും ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നതായി അറിയുന്നു. അതിനാലാണ് തളിപ്പറമ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കേണ്ടെന്ന തീരുമാനവും എടുത്തത്.
പാർട്ടി ഗ്രാമമായി അറിയപ്പെടുന്ന മലപ്പട്ടം സ്വദേശിയായ ടി. കെ. ഗോവിന്ദൻ നിലവിൽ കേരള കൈത്തറി വികസന കോർപ്പറേഷൻ ചെയർമാനാണ്. മുൻപ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ശ്രീകണ്ഠപുരം, മയ്യിൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായും പാർട്ടിയിൽ പ്രവർത്തിച്ചിട്ടുള്ള നേതാവാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
