‘പോരും മത്സരവുമില്ല, പ്രചാരണങ്ങൾ ഭാവനാവിരാജിതം’; തദ്ദേശവകുപ്പിലെ വിവാദങ്ങൾക്കിടെ ദിവ്യ എസ്. അയ്യരുടെ പ്രതികരണം

OCTOBER 8, 2026, 11:09 PM

തിരുവനന്തപുരം: തദ്ദേശവകുപ്പിലെ ഉദ്യോഗസ്ഥർ തമ്മിൽ തർക്കമുണ്ടെന്ന വാർത്തകൾക്കിടെ സമൂഹമാധ്യമത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ. തനിക്ക് ആരോടും പോരാട്ടമോ മത്സരമോ ചേരിതിരിവോ ഇല്ലെന്നും പ്രചരിക്കുന്ന വാർത്തകൾ ഭാവനാസൃഷ്ടികളാണെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ദിവ്യ വ്യക്തമാക്കി.

“മനുഷ്യരെ സ്നേഹിക്കുന്നു, പുൽകുന്നു, പുകഴ്ത്തുന്നു എന്ന പഴി മാത്രമാണ് ഇതുവരെ കേട്ടിട്ടുള്ളത്. ഒരാളോടും പോരും മത്സരവും ചേരിതിരിവും ഉണ്ടായിട്ടില്ല. വ്യക്തമായ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൃത്യനിർവഹണം നടത്തിയിട്ടുണ്ട്. പ്രചാരണങ്ങൾ ഭാവനാവിരാജിതമാണ്. വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്” എന്നാണ് ദിവ്യയുടെ കുറിപ്പ്.

തദ്ദേശവകുപ്പിന്റെ മാലിന്യമുക്ത കേരളം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. മാലിന്യനിർമാർജനത്തിനായി ‘നിർമലം’ പദ്ധതിക്ക് പുറമെ ‘ഐസി 100 ചലഞ്ച്’ കൂടി പ്രഖ്യാപിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്.

vachakam
vachakam
vachakam

ടി.വി. അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച നിർമലം പദ്ധതിയിൽ തനിക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് ദിവ്യ മന്ത്രിയെ അറിയിച്ചിരുന്നുവെന്നും തുടർന്നാണ് ഐസി 100 ചലഞ്ച് പ്രഖ്യാപിച്ചതെന്നുമായിരുന്നു റിപ്പോർട്ടുകൾ. പുതിയ പദ്ധതിയിൽ വകുപ്പ് സെക്രട്ടറിക്ക് വേണ്ടത്ര പങ്കാളിത്തമില്ലെന്ന ആരോപണവും ഉയർന്നു.

ഒക്ടോബർ രണ്ടിന് പറവൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത നിർമലം പദ്ധതി സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായുള്ള ജനകീയ പ്രചാരണമാണ്. 2031 വരെ നീളുന്ന വിപുലമായ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ 30നാണ് ഇതുസംബന്ധിച്ച ഉത്തരവ് തദ്ദേശവകുപ്പ് സെക്രട്ടറി ടി.വി. അനുപമ പുറത്തിറക്കിയത്. പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ ഉദ്യോഗസ്ഥർക്കുള്ള ചുമതലകളും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഇതിൽ പ്രിൻസിപ്പൽ ഡയറക്ടർക്ക് കാര്യമായ പങ്കില്ലെന്ന അതൃപ്തി ഉയർന്നതായാണ് റിപ്പോർട്ടുകൾ. പിന്നാലെ ഒക്ടോബർ രണ്ടിന് ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തിൽ ഐസി 100 ചലഞ്ചിനും ഉത്തരവിറങ്ങി. പൊതുജനപങ്കാളിത്തത്തോടെയുള്ള ജനകീയ ക്യാമ്പയിൻ എന്ന ആശയം രണ്ട് പദ്ധതികളിലും ഉൾപ്പെട്ടതും ചർച്ചയായി.

vachakam
vachakam
vachakam

വിവാദം ശക്തമായതോടെ രണ്ട് പദ്ധതികളും വ്യത്യസ്ത ലക്ഷ്യങ്ങളോടെയുള്ളതാണെന്ന് തദ്ദേശവകുപ്പ് വിശദീകരിച്ചു. അഞ്ച് വർഷത്തേക്കുള്ള വിപുലമായ പദ്ധതിയാണ് നിർമലമെന്നും ഐസി ചലഞ്ച് 100 ദിവസത്തേക്ക് വാർഡുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണെന്നും വകുപ്പ് വ്യക്തമാക്കി. നിർമലം പദ്ധതിയുടെ ഭാഗമായാണ് ഐസി ചലഞ്ച് നടപ്പാക്കുന്നതെന്നും വിശദീകരണമുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam