തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയതിന് പിന്നാലെയാണ് കേരളവും നിയമം കര്‍ശനമാക്കുന്നത്. മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതികള്‍ അനുസരിച്ച് ചലാന്‍ സംവിധാനമാണ് കൂടുതല്‍ കര്‍ശനമാക്കി നടപ്പാക്കാനൊരുങ്ങുന്നത്. ഒരു ട്രാഫിക് നിയമലംഘനത്തിന് പിഴയിട്ടാല്‍ 45 ദിവസത്തിനുള്ളില്‍ പിഴയൊടുക്കിയിരിക്കണമെന്നതാണ് മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലെ സുപ്രധാന നിര്‍ദേശം.
ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹനനിയമത്തിലെ 24 നിയമലംഘനങ്ങളാണ് കണക്കാക്കുക. പൊതുവഴിയില്‍ വാഹനം നിര്‍ത്തിയിടല്‍, അനധികൃത പാര്‍ക്കിങ്, വാഹന മോഷണം, വാഹനയാത്രക്കാരെ മര്‍ദിക്കല്‍, തടഞ്ഞുവെക്കല്‍ തുടങ്ങി 24 ലംഘനങ്ങളാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനുകാരണമായി പറയുന്നത്. അതിവേഗം, ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കല്‍, സീറ്റുബെല്‍റ്റ് ധരിക്കാതിരിക്കല്‍, സിഗ്നല്‍ വെട്ടിക്കല്‍ എന്നിവയും കുറ്റങ്ങളിലുണ്ട്. ചെറിയകുറ്റങ്ങളെന്നോ വലുതെന്നോ കണക്കാതെ അഞ്ചില്‍ ക്കൂടിയാല്‍ ഇനി മുതല്‍ നടപടിയെടുക്കും.
പിഴയിട്ടാല്‍ 45 ദിവസത്തിനുള്ളില്‍ നിര്‍ബന്ധമായും ഇത് അടച്ചിരിക്കണമെന്നാണ് നിയമ ഭേദഗതിയില്‍ നിര്‍ദേശിക്കുന്നത്. നിയമം ലംഘിച്ച വ്യക്തി ഇതുമായി ബന്ധപ്പെട്ട ചലാനുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളില്‍ നേരിട്ടോ കൈപ്പറ്റമെന്നാണ് നിര്‍ദേശം. അതിനുശേഷം 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കുകയോ, നിയമലംഘനം നടന്നിട്ടില്ലെങ്കില്‍ അത് തെളിയിക്കുകയോ വേണം. ഇതിന് തയാറായില്ലെങ്കിലാണ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ തുടങ്ങിയവ സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുക.
നിയമങ്ങള്‍ തുചര്‍ച്ചയായി ലംഘിക്കുകയും പിഴ അടയ്ക്കാതെ ഇരിക്കുകയും ചെയ്യുന്ന വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തും. ഈ വാഹനങ്ങള്‍ക്ക് പിന്നീട് നികുതി അടയ്ക്കുന്നത് ഒഴികെ വാഹന്‍ സൈറ്റില്‍ വാഹനവുമായി ബന്ധപ്പെട്ട യാതൊരു സേവനങ്ങളും ലഭിക്കുകയില്ല. ആര്‍സിയിലെ അഡ്രസ് മാറ്റല്‍, ഉടമസ്ഥാവകാശം മാറല്‍, വാഹനത്തിന്റെ തരം മാറ്റല്‍, പെര്‍മിറ്റ്, ഫിറ്റ്നസ്, ഹൈപ്പോത്തിക്കേഷന്‍ ക്യാന്‍സല്‍ ചെയ്യല്‍ തുടങ്ങിയുള്ള മറ്റ് സേവനങ്ങളും ഇത്തരം വാഹനങ്ങള്‍ നിഷേധിക്കപ്പെടും.
നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ കുടിശിക വരുത്തിയിട്ടുള്ള വാഹനങ്ങള്‍, ഇത് അടയ്ക്കുന്നത് വരെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പിടിച്ചെടുക്കാനുള്ള അധികാരവും നിയമം നല്‍കുന്നുണ്ട്. ഒരു വര്‍ഷം അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനാണ് നിര്‍ദേശം. ലൈസന്‍സ് മൂന്ന് മാസംവരെയാണ് സസ്പെന്‍ഡ് ചെയ്യുന്നത്. ആര്‍ടിഒയ്ക്കാണ് നടപടിയെടുക്കാനുള്ള അധികാരം. മുന്‍ വര്‍ഷങ്ങളിലെ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തില്ല. മാത്രമല്ല ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിന് മുന്‍പ് ഉടമയുടെ വാദം കേള്‍ക്കാനുള്ള അവസരം നല്‍കണമെന്നും ചട്ടത്തിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
