തിരുവനന്തപുരം: കുറഞ്ഞ അളവിൽ കഞ്ചാവ് കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും നിയമവിധേയമാക്കണമെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി റിട്ട. ഐഎഎസ് ഓഫീസർ ബിജു പ്രഭാകർ. തന്റെ പുതിയ പുസ്തകമായ 'നാം നമ്മെ കൊള്ളയടിക്കുമ്പോൾ' എന്ന കൃതിയിലാണ് അദ്ദേഹം ഈ വിചിത്രമായ ശുപാർശയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത്.
2018-ൽ സംസ്ഥാന സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് ബിജു പ്രഭാകർ ഇത്തരമൊരു ഔദ്യോഗിക കുറിപ്പ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. തന്റെ ശുപാർശ മുഖ്യമന്ത്രി നിയമ, ആഭ്യന്തര വകുപ്പുകളുടെ പരിശോധനയ്ക്കും അഭിപ്രായത്തിനുമായി വിട്ടുവെന്ന് ബിജു പ്രഭാകർ പുസ്തകത്തിൽ വ്യക്തമാക്കുന്നു.
ഇതിനുശേഷം പലതവണ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെ നേരിട്ട് കണ്ട് സംസാരിച്ചെങ്കിലും തുടർനടപടികളോ കാര്യമായ പുരോഗതിയോ ഈ വിഷയത്തിൽ ഉണ്ടായില്ലെന്ന് അദ്ദേഹം കുറിക്കുന്നു.
മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ ആദ്യം ചെയ്യേണ്ടത് വീര്യം കുറഞ്ഞ മദ്യങ്ങൾ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജു പ്രഭാകർ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ പാരമ്പര്യ പാനീയമായ കള്ളിനെ പ്രോത്സാഹിപ്പിക്കുന്ന നയമല്ല അധികാരികൾക്കുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
"കള്ളിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ വെറും 7 മുതൽ 9 ശതമാനം വരെ മാത്രമാണ്. എന്നാൽ വൈനിൽ പോലും 15 ശതമാനത്തോളം ആൽക്കഹോളുണ്ട്. എന്നിട്ടും കള്ള് കുടിക്കുന്നവർ ബോധമില്ലാതെ വഴിയിൽ കിടക്കുന്നത് എന്തുകൊണ്ടാണ്? കാലാകാലങ്ങളായി ചാരായം കലർത്തിയ കള്ളാണ് ഷാപ്പുകളിൽ ലഭിക്കുന്നത് എന്നത് എല്ലാവർക്കും അറിയാവുന്ന രഹസ്യമാണ്.
എന്നാൽ വീര്യം കൂട്ടാൻ ഡൈപാം ഉൾപ്പെടെയുള്ള മാരകമായ നിരവധി കെമിക്കലുകളാണ് ഇപ്പോൾ കള്ളിൽ ചേർക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് കേരളത്തിലെ പ്രതിദിന കള്ളുൽപ്പാദനം നാലുലക്ഷം ലിറ്ററാണ്. എന്നാൽ സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്നത് 20 ലക്ഷം ലിറ്ററോളം വരും," ബിജു പ്രഭാകർ പുസ്തകത്തിൽ തുറന്നടിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
