ആലപ്പുഴ: മുൻ മന്ത്രിയും അമ്പലപ്പുഴ എംഎൽഎയുമായ ജി. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എച്ച്. സലാം രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സലാം സുധാകരനെതിരെ ഗുരുതര ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിച്ചത്.
കള്ള് വാങ്ങിക്കൊടുത്താൽ ആരെയും തെറിവിളിക്കുന്ന നിലയിലേക്ക് ജി. സുധാകരൻ അധഃപതിച്ചുവെന്നാണ് സലാം ആരോപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാനുള്ള രാഷ്ട്രീയമോ ധാർമികമോ ആയ യോഗ്യത സുധാകരനില്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ ഔദാര്യം കൊണ്ടാണ് ജി. സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി ഇതുവരെ പൊളിയാതിരുന്നതെന്നും സലാം ആരോപിച്ചു. സുധാകരന്റെ പ്രവർത്തന മണ്ഡലം കൊല്ലത്ത് നിന്ന് ആലപ്പുഴയിലേക്ക് മാറ്റേണ്ടിവന്ന സാഹചര്യം പുറത്തുപറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പോസ്റ്റിൽ പരാമർശിച്ചു.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സുധാകരൻ പണം പിരിച്ചതെന്തിനാണെന്നും ആരിൽ നിന്ന് എത്ര തുക സമാഹരിച്ചുവെന്നും വെളിപ്പെടുത്താൻ തയ്യാറുണ്ടോയെന്ന് സലാം വെല്ലുവിളിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ സിപിഎമ്മിന്റെ നിയമസഭാ നേതൃത്വത്തെയും സഭയിലെ പ്രകടനത്തെയും ജി. സുധാകരൻ വിമർശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എൻ. ബാലഗോപാലും ഉൾപ്പെടെയുള്ള നേതാക്കളുടെ സഭയിലെ ഇടപെടലുകളെ കുറിച്ച് അദ്ദേഹം പരാമർശങ്ങൾ നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ശക്തമായി പ്രതികരിക്കാൻ ഭരണപക്ഷത്തിന് കഴിയുന്നില്ലെന്നും മുൻ ധനമന്ത്രി തോമസ് ഐസക് സഭയിലുണ്ടായിരുന്നെങ്കിൽ സാഹചര്യം വ്യത്യസ്തമായേനെയെന്നും സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
