മരണം തൊട്ടുമുന്നില്‍ നിന്ന നിമിഷം; കൊച്ചി മെട്രോയില്‍ ഓടിയെത്തിയ കാവലാളായി ഡോ. സബാഹ: 60 കാരന് പുതുജീവന്‍

AUGUST 30, 2026, 12:49 AM

കൊച്ചി: നഗരത്തിന്റെ തിരക്കുകളിലേക്ക് പായുന്ന കൊച്ചി മെട്രോ ട്രെയിനില്‍ പെട്ടെന്നാണ് അശാന്തി പടര്‍ന്നത്. മഹാരാജാസ് കോളജ് സ്റ്റേഷന് സമീപമെത്തിയപ്പോള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശിയായ 60 കാരന്‍ പെട്ടെന്ന് കുഴഞ്ഞുവീണു. ചുറ്റുമുള്ളവര്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന ആ നിര്‍ണായക നിമിഷങ്ങളിലാണ്, ഒരാളുടെ ജീവന്‍ തിരികെപ്പിടിക്കാന്‍ ഒരു കൈ നീണ്ടുവന്നത്.

സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അമ്മയെ യാത്രയാക്കി മടങ്ങുകയായിരുന്ന കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ അനസ്തീസിയോളജിസ്റ്റും ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ. സബാഹ ഷബ്‌നം ആയിരുന്നു ആ മെട്രോയില്‍ ഉണ്ടായിരുന്നത്. ആളുകള്‍ ഒത്തുകൂടുന്നത് കണ്ട് ഓടിയെത്തിയ ഡോക്ടര്‍, സമയമൊട്ടും കളയാതെ യാത്രക്കാരന്റെ നാഡിമിടിപ്പ് പരിശോധിച്ചു. ഹൃദയമിടിപ്പ് നിലയ്ക്കുകയാണെന്ന് മനസിലാക്കിയ ഡോ. സബാഹ ഉടന്‍തന്നെ സി.പി.ആര്‍ നല്‍കാന്‍ തുടങ്ങി.

ജീവിതത്തിനും മരണത്തിനുമിടയിലെ ആ ഏതാനും സെക്കന്‍ഡുകളില്‍ ഡോക്ടര്‍ നല്‍കിയ കൃത്യമായ പ്രഥമശുശ്രൂഷ ഒടുവില്‍ ഫലം കണ്ടു. നിര്‍ത്തിവെച്ചതുപോലെ തോന്നിച്ച ആ ഹൃദയമിടിപ്പുകള്‍ വീണ്ടും താളത്തിലായി, അദ്ദേഹത്തിന് ബോധം തിരിച്ചുകിട്ടി. വൈകാതെ മെട്രോ അധികൃതര്‍ ഇദ്ദേഹത്തെ സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി.

കുഴഞ്ഞു വീണുള്ള മരണങ്ങള്‍ നിത്യ സംഭവങ്ങളായി മാറുന്ന ഇക്കാലത്ത്, പൊതുജനങ്ങള്‍ക്കിടയില്‍ സി.പി.ആറിനെക്കുറിച്ചുള്ള അവബോധം അടിയന്തരമായി ഉണ്ടാകണമെന്ന് ഡോ. സബാഹ ഓര്‍മ്മിപ്പിച്ചു. അപകട ഘട്ടങ്ങളില്‍ പലരും സ്തംഭിച്ചുനില്‍ക്കാറുണ്ടെന്നും എന്നാല്‍ സമയത്തിന് നല്‍കുന്ന സി.പി.ആറിന് രക്തയോട്ടം പുനസ്ഥാപിക്കാനും ഒരാളുടെ ജീവന്‍ തന്നെ നിലനിര്‍ത്താനും സാധിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.

സമയോചിതമായ ഇടപെടലിലൂടെ ഒരു മനുഷ്യ ജീവന്‍ കാത്തുരക്ഷിച്ച ഡോ. സബാഹ ഷബ്‌നത്തെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ ആദരിച്ചു. കൂടാതെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ പ്രസിഡന്റ് എം.ഒ ജോണ്‍, സെക്രട്ടറി അജയ് തറയില്‍ എന്നിവരും ഡോക്ടര്‍ക്ക് ആദരമര്‍പ്പിച്ചു.

സോഫ്റ്റ്‌വെര്‍ എന്‍ജിനിയറായ മുഹമ്മദ് ഇര്‍ഷാദാണ് ഡോ. സബാഹയുടെ ഭര്‍ത്താവ്. കളമശ്ശേരി സെയ്ന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളായ സഹാ യശല്‍, ഇന്‍ഷാ മറിയം എന്നിവര്‍ മക്കളാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam