കൊല്ലം: ശൂരനാട് വടക്ക് പാറക്കടവിൽ മാരകായുധങ്ങളുമായി എത്തിയ സംഘം വീട് ആക്രമിച്ച് തകർത്തതായി പരാതി. ചിറപ്പാട് ഭാഗത്തെ അഖിലാലയത്തിൽ അജിത്ത് (43) എന്നവരുടെ വീടിനാണ് ആക്രമണം ഉണ്ടായത്.
വ്യാഴാഴ്ച രാത്രി 11 മണിയോടെ വടിവാൾ, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങളുമായി എത്തിയ ആറംഗസംഘം വീടുകയറി ആക്രമണം നടത്തുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം വീട്ടുകാരെ മർദിച്ചതായും പരാതിയുണ്ട്.
വീട്ടിലെ ടി.വി., ഫ്രിഡ്ജ്, കസേരകൾ, അടുക്കള ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവ ഉൾപ്പെടെ എല്ലാം തകർത്തു. വീടിന്റെ ജനാലകളും അടിച്ചുതകർത്ത സംഘം, മുറിക്കുള്ളിലുണ്ടായിരുന്ന അലമാരയും വെട്ടിപ്പൊളിച്ചു. ബുള്ളറ്റ് ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങളും നശിപ്പിച്ചു.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വീട്ടുകാർ പറയുന്നു. പാതിരിക്കൽ സ്വദേശിയും ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ള യുവാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് ആരോപണം.
അജിത്തിനെയും അമ്മ ഗൗരിക്കുട്ടിയെയും (68), മക്കളായ അഭിജിത്ത് (14), അഖില (17) എന്നിവരെയും സംഘം മർദിച്ചതായും കുട്ടിയോട് മോശമായി പെരുമാറിയതായും പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
