ബെംഗളൂരു: ബെംഗളുരുവില്‍ സ്കൂള്‍ കെട്ടിടത്തില്‍ നിന്നു വീണ് നാലുവയസുകാരി മരിച്ച സംഭവത്തില്‍ ദുരൂഹത ഏറുകയാണ്. കുട്ടി എങ്ങനെ കെട്ടിടത്തിന് മുകളിൽ എത്തിയെന്ന ചോദ്യമാണ് മാതാപിതാക്കൾ ഉന്നയിക്കുന്നത്. ഇതിന് കൃത്യമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല.
മരണത്തിൽ സ്കൂളിലെ ആയയ്ക്കു പങ്കുള്ളതായി സംശയിക്കുന്നുവെന്നും വിശദമായ അന്വേഷണം വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
സ്കൂളിലെ ആയമാരില്‍ ഒരാള്‍ കുട്ടിയോടു മോശമായി പെരുമാറിയിരുന്നുവെന്നും ഇവരും മാതാപിതാക്കളും തമ്മിലുള്ള പ്രശ്നത്തില്‍ കുട്ടിയോട് പകവീട്ടിയെന്ന സംശയവുമാണ് മാതാപിതാക്കള്‍ ഉയര്‍ത്തുന്നുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി സംഭവത്തില്‍ സ്കൂൾ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. പ്രിൻസിപ്പൽ കോട്ടയം സ്വദേശി തോമസ് ചെറിയാൻ, കണ്ടാൽ അറിയുന്ന മറ്റൊരു ജീവനക്കാരന്‍ എന്നിവരെ പ്രതിയാക്കിയാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. തുടക്കത്തില്‍ കൂടെയുണ്ടായിരുന്ന സ്കൂൾ പ്രിന്‍സിപ്പല്‍ കുട്ടി അബോധാവസ്ഥയിലായതോടെ മുങ്ങിയത് സംശയം ഇരട്ടിച്ചു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
ഐടി ജീവനക്കാരായ കോട്ടയം മണിമല കുറുപ്പൻ പറമ്പിൽ ജിറ്റോ ടോമി ജോസഫിന്റെയും ബിനീറ്റയുടെയും മകൾ ജിയന്ന ആൻ ജിറ്റോ യാണ് ചികിത്സയിൽ ഇരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഹെന്നൂർ ചലിക്കരെ ഡൽഹി പ്രീ സ്കൂളിൽ കുട്ടിയെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ചുമരിൽ തലയിടിച്ചു വീണെന്നാണ് സ്കൂൾ അധികൃതർ മാതാപിതാക്കളെ അറിയിച്ചത്.
സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പ്രിൻസിപ്പൽ തോമസ് ചെറിയാൻ നശിപ്പിച്ചതായും മാതാപിതാക്കൾ ആരോപിക്കുന്നുണ്ട്. അതേസമയം, പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ജന്മനാടായ കോട്ടയം മണിമലയിലേക്ക് കൊണ്ടുപോയി. ഇന്നാണ് സംസ്കാരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്