ഭാര്യമാരെ ഗര്‍ഭിണികളാക്കും, കുഞ്ഞുങ്ങളുടെ ഡയപ്പറില്‍ സ്വര്‍ണം ഒളിപ്പിക്കും; 4 കോടിയുടെ സ്വര്‍ണക്കടത്തില്‍ ഫാറൂഖിന്റെ ഞെട്ടിക്കുന്ന രീതികള്‍ പുറത്ത്

SEPTEMBER 3, 2026, 7:55 AM

കൊച്ചി/കോഴിക്കോട്: നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി നാല് കോടിയോളം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിക്കവെ പിടിയിലായ സംഭവത്തില്‍ വിചിത്രവും ഞെട്ടിക്കുന്നതുമായ വിവരങ്ങള്‍ പുറത്ത്. സ്വന്തം ഭാര്യമാരെയും പിഞ്ചുകുഞ്ഞുങ്ങളെയും കാരിയര്‍മാരാക്കി ഉപയോഗിച്ചാണ് പൊന്നാനി സ്വദേശിയായ ഫാറൂഖ് വര്‍ഷങ്ങളായി വന്‍തോതില്‍ സ്വര്‍ണം കടത്തിയിരുന്നതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തി.

രണ്ടില്‍ കൂടുതല്‍ ഭാര്യമാരും അവരില്‍ മക്കളുമുള്ള ഫാറൂഖ്, ഈ ബന്ധങ്ങളെല്ലാം സ്വര്‍ണക്കടത്തിനുള്ള മറയാക്കുകയായിരുന്നു. വിവാഹ ശേഷം സ്ത്രീകളെ വിദേശത്തേക്ക് കൊണ്ടുപോകുന്ന ഇയാള്‍, പിന്നീട് അവര്‍ ഗര്‍ഭിണിയാകുമ്പോള്‍ നാട്ടിലേക്ക് തിരിച്ചയക്കുകയും ഈ സമയം ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തുകയും ചെയ്യും. പ്രസവശേഷം മക്കളുമായി വിദേശത്തേക്ക് മടങ്ങുന്ന ഭാര്യമാര്‍ തിരികെ വരുമ്പോഴും കുട്ടികളുടെയും സ്വന്തം ശരീരത്തിലും സ്വര്‍ണം ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. ഒന്നര വര്‍ഷമായി ദുബായില്‍ സ്ഥിരതാമസമാക്കിയ ഇയാള്‍ സമാനമായ രീതിയില്‍ പലതവണ കുടുംബത്തെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഡയപ്പറിലും സാനിറ്ററി നാപ്കിനിലും ഒളിപ്പിച്ച സ്വര്‍ണം

റാസല്‍ഖൈമയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ശനിയാഴ്ച കൊച്ചിയിലെത്തിയ ഫാറൂഖിന്റെ ഭാര്യ ഷെറിഫ ബീവിയെ സാനിറ്ററി നാപ്കിനുള്ളില്‍ ഒളിപ്പിച്ച 2.86 കോടി രൂപ വിലമതിക്കുന്ന 1966 ഗ്രാം സ്വര്‍ണമിശ്രിതവുമായി ഡി.ആര്‍.ഐ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ താന്‍ ഗര്‍ഭിണിയാണെന്ന് ഇവര്‍ അവകാശപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി കാക്കനാട് വനിതാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

ചോദ്യം ചെയ്യലില്‍, ഭര്‍ത്താവ് ഫാറൂഖ് മൂന്ന് കുഞ്ഞുങ്ങളുമായി ചൊവ്വാഴ്ച രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുമെന്ന വിവരം ഷെറിഫ വെളിപ്പെടുത്തി. തുടര്‍ന്ന് കരിപ്പൂരില്‍ ഡി.ആര്‍.ഐ നടത്തിയ പരിശോധനയിലാണ് ഫാറൂഖ് പിടിയിലാകുന്നത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളിലും സ്വന്തം ശരീരത്തിലുമായി ഒളിപ്പിച്ച ഒരു കോടി രൂപയുടെ സ്വര്‍ണമിശ്രിതമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. നാല്, രണ്ട് വയസ്സുള്ള മറ്റ് രണ്ട് കുട്ടികളും ഇയാളോടൊപ്പമുണ്ടായിരുന്നു.

ഷെറിഫ പിടിയിലായതിന്റെ തൊട്ടടുത്ത ദിവസം ഫാറൂഖിന്റെ മറ്റൊരു ഭാര്യ കരിപ്പൂര്‍ വഴി സ്വര്‍ണം കടത്തുന്നുണ്ടെന്ന സന്ദേശം ഡി.ആര്‍.ഐക്ക് ലഭിച്ചെങ്കിലും ഇവരെ പിടികൂടാനായില്ല. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല. കുട്ടികളെയും സ്ത്രീകളെയും മുന്നില്‍നിര്‍ത്തി നടത്തുന്ന ഈ വന്‍കിട സ്വര്‍ണക്കടത്ത് ശൃംഖലയ്ക്ക് പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

അതേസമയം, ഫാറൂഖ് പിടിയിലായ അതേദിവസം തന്നെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് ഒരു കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കൊടുവള്ളി സ്വദേശിയായ യുവാവിനെയും ഡി.ആര്‍.ഐ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam