ഷീ ജിന്‍പിങ്ങിന്റെ അധികാരം കൂടുതല്‍ ദൃഢമാകുന്നു; ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തില്‍ പൂര്‍ണ പിന്തുണ

OCTOBER 30, 2026, 9:41 PM

ബെയ്ജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ അച്ചടക്കവും അഴിമതിവിരുദ്ധ നടപടികളും കൂടുതല്‍ ശക്തമാക്കാന്‍ പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ നേതൃത്വത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടു. ബെയ്ജിങ്ങില്‍ നാല് ദിവസമായി നടന്ന പാര്‍ട്ടിയുടെ അഞ്ചാം പ്ലീനം ഷീയുടെ നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുകയും ഭരണത്തിന് ഉറച്ച പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ അടുത്ത വര്‍ഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹം നാലാം തവണയും പാര്‍ട്ടി നേതാവായി അധികാരത്തിലെത്തുമെന്ന് ഏറക്കുറെ ഉറപ്പായി. ഇതിനു മുന്നോടിയായി പാര്‍ട്ടിയിലും സൈന്യത്തിലും സമ്പൂര്‍ണ്ണ നേതൃമാറ്റത്തിന് കളമൊരുക്കുന്നതാണ് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍.

സമ്മേളനത്തില്‍ 33 മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. സൈന്യത്തിലെ അഴിമതി വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജനറല്‍ ഷാങ് ഷെങ്മിനെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലേക്ക് ഉയര്‍ത്തി. ഈ അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായി സൈന്യത്തിന്റെ ഏഴംഗ സെന്‍ട്രല്‍ മിലിട്ടറി കമ്മിഷനില്‍ ഇപ്പോള്‍ ഷീയും ഷാങ് ഷെങ്മിനും മാത്രമാണ് അവശേഷിക്കുന്നത്. 2012 ല്‍ അധികാരത്തിലെത്തിയതുമുതല്‍ അഴിമതിക്കെതിരായ കര്‍ശന നടപടികളും പാര്‍ട്ടിയോടുള്ള കൂറും ഷീ ഭരണത്തിന്റെ പ്രധാന മുന്‍ഗണനകളാക്കി മാറ്റിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇതുവരെ 81 ലക്ഷം കേസുകള്‍ അന്വേഷണവിധേയമാക്കുകയും 79 ലക്ഷം പേരെ അച്ചടക്ക നടപടികള്‍ക്ക് വിധേയരാക്കുകയും ചെയ്തതായി പാര്‍ട്ടി ഔദ്യോഗികമായി വ്യക്തമാക്കി. ഇതില്‍ സര്‍ക്കാര്‍നേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള 963 മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. പുതിയ നടപടിയില്‍ പുറത്താക്കപ്പെട്ട 33 പേരില്‍ 16 പേരും സൈനിക ഉദ്യോഗസ്ഥരാണ്. അക്കൂട്ടത്തില്‍ മുന്‍ സൈനിക മേധാവികളായ ഷാങ് യൂഷ്യ, ലിയു ഷെന്‍ലി എന്നിവരുമുണ്ട്. ഈ വര്‍ഷം ആദ്യ ഒന്‍പത് മാസത്തിനിടെ മാത്രം 6.8 ലക്ഷം പേരെയാണ് വിവിധ അച്ചടക്ക നടപടികള്‍ക്ക് വിധേയരാക്കിയത്.

അതേസമയം, അഴിമതിക്കെതിരായ ഈ ശക്തമായ നടപടികള്‍ പാര്‍ട്ടിയില്‍ അധികാരം കൂടുതല്‍ കേന്ദ്രീകരിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമാണെന്ന വിലയിരുത്തലുമുണ്ട്. കടുത്ത അച്ചടക്ക നടപടികള്‍ ഉദ്യോഗസ്ഥരെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും പുതിയ നയപരമായ പരീക്ഷണങ്ങള്‍ക്ക് മുതിരുന്നതില്‍ നിന്നും പിന്തിരിപ്പിക്കുമെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഭരണ നിര്‍വഹണത്തിലെ കാര്യക്ഷമതയും പാര്‍ട്ടി നേതാക്കളോടുള്ള സമ്പൂര്‍ണ്ണ കൂറും തമ്മില്‍ സുസ്ഥിരമായ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്നത് ഷീ ജിന്‍പിങ്ങിന് വരും കാലങ്ങളില്‍ വലിയ വെല്ലുവിളിയായേക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam