കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ നടന്ന ക്രൂരമായ മർദ്ദനത്തിന്റെ വിവരമാണ് കൊല്ലത്ത് നിന്ന് പുറത്ത് വരുന്നത്. സൗദിയിൽ വെച്ച് ഭർത്താവിന്റെ ക്രൂരമർദനത്തിനിരയായി ശരീരമാകെ ഗുരുതര പരുക്കേറ്റ നിലയിൽ നാട്ടിലെത്തിയ നവവധു ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
സ്ത്രീധനം ആവശ്യപ്പെട്ടും സൗന്ദര്യം കുറഞ്ഞെന്ന് ആരോപിച്ചും മർദിച്ചെന്നാണു പെൺകുട്ടി പരാതിയിൽ പറയുന്നത്. വിവാഹം കഴിഞ്ഞ് ഓഴ്ചയ്ക്ക് ശേഷം സ്‌ത്രീധനത്തിൻറെ പേരിൽ ഭർതൃവീട്ടുകാരും ഭർത്താവും ചേർന്ന് പീഡനം തുടങ്ങിയെന്നാണ് പരാതി.
കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിനിയെയാണ് സ്ത്രീധനത്തിൻറെ പേരിൽ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ ഭർത്താവ് നന്ദുവിനായി ലുക്കൗട്ട് സർക്കുലർ ഇറക്കാനുള്ള നീക്കത്തിലാണ് പൊലീസ്. നിലവിൽ ഇയാൾ സൗദിയിൽ തുടരുകയാണ്.
സ്‌ത്രീധനത്തിൻറെയും സംശയത്തിൻറെയും പേരിലായിരുന്നു ക്രൂര പീഡനം എന്നാണ് ഭാര്യയുടെ പരാതി. ചവറ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നന്ദുവിൻറെമാതാപിതാക്കളും കേസിൽ പ്രതിയാണ്. സെപ്റ്റംബർ 30ന് നാട്ടിൽ മടങ്ങിയെത്തിയ യുവതിയുടെ ശരീരമാസകലം മർദനമേറ്റ പാടുകളും മുറിവുകളുമാണ്. യുവതി കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
സൗദിയിലെ വീട്ടിൽ വെച്ച് ലാപ്ടോപ് ചാർജർ, ബെൽറ്റ്, കുക്കർ, മറ്റ് അടുക്കള ഉപകരണങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് നിരന്തരം മർദിക്കുമായിരുന്നെന്നും കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങൾ പറയിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി റെക്കോർഡ് ചെയ്ത ശബ്ദരേഖ ഭർത്താവ് പ്രചരിപ്പിച്ചെന്നും പറയുന്നു. യുവതിയുടെ പരാതിയിൽ ചവറ പൊലീസ് പരിമണം സ്വദേശിയായ ഭർത്താവ് നന്ദു, അച്ഛൻ ദിനേശ്, അമ്മ ജഗദമ്മ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
