തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭാ രൂപീകരണത്തിൽ ജലവിഭവ വകുപ്പ് പ്രധാന തർക്കവിഷയമായി മാറിയതായി റിപ്പോർട്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ആർഎസ്‍പിയും ജലവിഭവ വകുപ്പ് തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്.
രണ്ട് മന്ത്രിസ്ഥാനമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇപ്പോൾ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. എട്ടിൽ ഏഴ് സീറ്റുകൾ നേടിയ സാഹചര്യത്തിൽ ഒരു മന്ത്രിസ്ഥാനും ചീഫ് വിപ്പ് പദവിയും നൽകാമെന്ന ധാരണയിലാണ് കോൺഗ്രസ് നേതൃത്വം. എന്നാൽ, ലഭിക്കുന്ന വകുപ്പ് ജലവിഭവം തന്നെയാകണമെന്നാണ് മോൻസ് ജോസഫിന്റെ ആവശ്യം.
അതേസമയം, ജലവിഭവ വകുപ്പ് ആർഎസ്‍പിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ വകുപ്പ് വിഭജന ചർച്ച കൂടുതൽ സങ്കീർണ്ണമായി. ജലവിഭവം ലഭിക്കാത്ത പക്ഷം കൃഷിവകുപ്പ് നൽകാമെന്ന് കോൺഗ്രസ് നേതൃത്വം മോൻസ് ജോസഫിനോട് നിർദേശിച്ചെങ്കിലും, കൃഷിവകുപ്പിൽ താൽപര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
മന്ത്രി സ്ഥാനങ്ങളും വകുപ്പുകളും സംബന്ധിച്ചുള്ള ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണ്. ഗവർണർക്ക് അന്തിമ പട്ടിക കൈമാറാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് യുഡിഎഫിനകത്തെ സമ്മർദ്ദ രാഷ്ട്രീയവും ശക്തമായിരിക്കുന്നത്.
മുസ്ലിം പ്രതിനിധിത്വവുമായി ബന്ധപ്പെട്ടും ഭിന്നത തുടരുകയാണ്. ഷാനിമോൾ ഉസ്മാനെ മന്ത്രിയാക്കാൻ വി.ഡി. സതീശൻ പിന്തുണ നൽകുമ്പോൾ, ടി. സിദ്ദീഖിനായി കെ.സി. വേണുഗോപാലും, അൻവർ സാദത്തിനായി രമേശ് ചെന്നിത്തലയും സമ്മർദ്ദം ചെലുത്തുന്നതായാണ് സൂചന. എൻ. ശക്തൻ മന്ത്രിയോ സ്പീക്കറോ ആക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പട്ടികയിൽ വർഗ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഐ.സി. ബാലകൃഷ്ണനും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ മുസ്ലിം ലീഗിന്റെ മന്ത്രിപ്പട്ടികയിൽ അന്തിമ ധാരണയായി. വിമർശനങ്ങൾ ശക്തമായതിനെ തുടർന്ന് പി.കെ. ബഷീറിനെ പട്ടികയിൽ ഉൾപ്പെടുത്തി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിൽ നിന്ന് മന്ത്രിമാരാകുക. ഇതോടെ ആദ്യം പരിഗണിച്ച പട്ടികയിൽ ഉണ്ടായിരുന്ന പാറക്കൽ അബ്ദുള്ള പുറത്തായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
