കണ്ണൂർ: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ അനസ്തീഷ്യ നൽകിയ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്തു. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീഷ്യ വിദഗ്ധയായ ഡോ. അഞ്ജലി പൊതുവാളിനെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.
കുട്ടിയുടെ മുറിവ് തുന്നുന്നതിനായി ജനറൽ അനസ്തീഷ്യ നൽകേണ്ടത് അനിവാര്യമായിരുന്നുവെന്നും, ചികിത്സയിൽ യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നുമാണ് ഡോക്ടർ മൊഴി നൽകിയതെന്നാണ് വിവരം.
അതേസമയം, കേസിൽ നിർണായകമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ജനറൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ തലച്ചോറിലേക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചുണ്ടിലും താടിയിലുമുണ്ടായിരുന്ന മുറിവുകൾ ആഴമുള്ളതല്ലെന്നും, അത്തരമൊരു സാഹചര്യത്തിൽ ജനറൽ അനസ്തീഷ്യ ആവശ്യമായിരുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധന പ്രകാരം, അനസ്തീഷ്യ നൽകിയതിന് ഏകദേശം പത്ത് മിനിറ്റിനകം കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞിരുന്നു. തുടർന്ന് കുട്ടി ബോധരഹിതനാകുകയും അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം മരിക്കുകയുമായിരുന്നു.
സംഭവത്തിൽ ഡോ. അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചികിത്സയിൽ പങ്കെടുത്ത ശിശുരോഗ വിദഗ്ധ ഡോ. ആശ നിർമ്മൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി എന്നിവരും അന്വേഷണ പരിധിയിലാണ്. ഇവരുടെ മൊബൈൽ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ആയിരിക്കുകയാണെന്നാണ് പൊലീസ് അറിയിച്ചത്.
മൂന്ന് ഡോക്ടർമാരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആശുപത്രി മാനേജ്മെന്റിന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ ഡിവൈഎസ്പി കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്തയച്ചിട്ടുണ്ട്.
പൊലീസ് ശേഖരിച്ച ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡിന് കൈമാറും. ബോർഡിന്റെ വിദഗ്ധ റിപ്പോർട്ട് ലഭിച്ച ശേഷമാകും കേസിൽ തുടർ നിയമനടപടികൾ സ്വീകരിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
