ന്യൂഡൽഹി: തൊഴിലാളികൾ സ്വന്തം കൂലി നഷ്ടപ്പെടുത്തിയാണ് നാളത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നതെന്ന് സി.പി.ഐ.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. രാഷ്ട്രീയ പാർട്ടികളും തൊഴിലാളി സംഘടനകളും വിവിധ എൻ.ജി.ഒ. യൂണിയനുകളും സംയുക്തമായാണ് പണിമുടക്കിൽ ഭാഗമാകുന്നതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ പണിമുടക്ക് സംബന്ധിച്ച് നടത്തിയ പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്ക് കൂടുതൽ വിവരങ്ങൾ അറിയില്ലെന്ന് എം.എ. ബേബി പ്രതികരിച്ചു. തൊഴിലാളി സംഘടനകൾ എല്ലാ മേഖലയിലും സമരം വിജയിപ്പിക്കണമെന്നാണ് ആഹ്വാനം ചെയ്തിട്ടുള്ളതെന്നും, ആ നിലപാടിനൊപ്പമാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളി സംഘടനകൾ പണിമുടക്കിലേക്ക് പോകുമ്പോൾ അവർ ചെയ്യേണ്ട കർത്തവ്യങ്ങൾ നിറവേറ്റുമെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് 10 തൊഴിലാളി യൂണിയനുകളാണ് സംയുക്തമായി നാളെ അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നത്. വിവിധ വിഭാഗങ്ങളിലായി ഏകദേശം 25 കോടിയോളം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് യൂണിയനുകൾ അവകാശപ്പെടുന്നത്. യൂണിയനുകൾ മുന്നോട്ടുവച്ച 17 ഇന നിർദേശങ്ങൾ കേന്ദ്രസർക്കാർ തുടർച്ചയായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഈ പണിമുടക്ക്.
അഖിലേന്ത്യാ പണിമുടക്കിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാർ പങ്കെടുക്കില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ നേരത്തെ പറഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സി. ബസുകൾ നാളെ സർവീസ് നടത്തുമെന്നും, ജീവനക്കാർ സന്തുഷ്ടരായതിനാൽ അവർക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. എന്നാൽ, ഗണേഷ് കുമാറിന്റെ ഈ നിലപാടിനെ തള്ളി കെ.എസ്.ആർ.ടി.സി. യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്. സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എൻ.ടി.യു.സി. യൂണിയനുകൾ ദേശീയ പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബി.എം.എസ്. മാത്രമാണ് പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
