തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി രാഷ്ട്രീയ വിവാദത്തിൽ. ബിജെപി തൃശൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി വിദ്യാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിച്ചാണെന്നാണ് സിപിഐഎമ്മിന്റെ ആരോപണം.
‘പ്രപഞ്ച രക്ഷാ യജ്ഞം’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തിരുന്നു. പരിപാടിയിൽ ബിജെപി-ആർഎസ്എസ് നേതാക്കളുടെ സാന്നിധ്യവും പ്രസംഗങ്ങളും ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐഎം വിമർശനവുമായി രംഗത്തെത്തിയത്.
സുരേഷ് ഗോപി പങ്കെടുക്കുന്ന പരിപാടിയെന്ന നിലയിലാണ് അനുമതി തേടിയതെന്നും, തുടർന്ന് ആർഎസ്എസ് നേതാവ് ബി. ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ വേദിയിലെത്തി സംസാരിച്ചതായും ആരോപണമുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തെ രാഷ്ട്രീയ വേദിയാക്കി മാറ്റിയ നടപടി നിയമവിരുദ്ധമാണെന്നും സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രിയായുള്ള ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിൽ സുരേഷ് ഗോപി വിദ്യാർഥികളോടും പൊതുസമൂഹത്തോടും മാപ്പ് പറയണമെന്നും സിപിഐഎം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങളെ ജനാധിപത്യ സമൂഹം ചെറുക്കണമെന്നും പാർട്ടി അഭിപ്രായപ്പെട്ടു.
അതേസമയം, പരിപാടി ബിജെപിയുടെ നേതൃത്വത്തിലാണെന്ന് അറിയില്ലായിരുന്നുവെന്നാണ് സ്കൂളിലെ പ്രധാനാധ്യാപിക ജൂലിയറ്റ് കെ. അപ്പുവിന്റെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയ തലത്തിലും വിദ്യാഭ്യാസ രംഗത്തും ചർച്ചയാകുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
