കൊച്ചി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ സമൂഹമാധ്യമ കുറിപ്പിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് (കെപിസിസി) സുപ്രീം കോടതിയുടെ നോട്ടീസ്. കോൺഗ്രസിന്റെ കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച കുറിപ്പിനെതിരെ സമർപ്പിച്ച ഹർജിയിലാണ് നടപടി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ചിനിടെയാണ് വിവാദ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ സഖ്യ നേതാക്കളെ കാണാൻ നിയമപരമായ തടസ്സങ്ങളുണ്ടെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിലുള്ള അതൃപ്തി പ്രകടിപ്പിച്ചായിരുന്നു പോസ്റ്റ്.
‘സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’ എന്ന പരാമർശമുൾപ്പെട്ട കുറിപ്പ് വലിയ വിവാദമായതോടെ കോൺഗ്രസ് ഉടൻ പിൻവലിച്ചു. സംഭവത്തിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പിന്നീട് അറിയിച്ചിരുന്നു.
കെപിസിസി നേതൃത്വത്തിന്റെ അറിവോ അനുമതിയോ കൂടിയാലോചനയോ ഇല്ലാതെയാണ് കുറിപ്പ് പ്രസിദ്ധീകരിച്ചതെന്നും ഇതിന് പിന്നിലെ സാഹചര്യങ്ങൾ പരിശോധിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.
വിവാദവുമായി ബന്ധപ്പെട്ട് കോടതിയിൽ ഹർജി എത്തിയതോടെയാണ് കെപിസിസിയോട് വിശദീകരണം തേടി സുപ്രീം കോടതി നോട്ടീസ് അയച്ചത്. കേസിലെ തുടർനടപടികൾ ഇനി കോടതിയുടെ പരിഗണനയിലായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
