തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം കളക്ടര്‍കൂടി ഏറ്റവും ഒടുവിലായി അവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഇന്ന് മൊത്തം 5 ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമ്പൂര്‍ണ അവധിയായിരിക്കും. ആലപ്പുഴ, എറണാകുളം, വയനാട്, കാസര്‍കോട് എന്നിവയാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്ന മറ്റ് നാല് ജില്ലകള്‍. ഇതിനുപുറമെ കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മതപഠന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമാണ്. എന്നാല്‍ കാസര്‍കോട്, വയനാട് ജില്ലകളില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഈ അവധി ബാധകമല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന അവധി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ബാധകമായിരിക്കില്ല.
മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സര്‍വകലാശാലാ പരീക്ഷകള്‍ക്കും മറ്റ് പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് അതത് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് മഴ കൂടുതല്‍ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങി 11 ജില്ലകളില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.
മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലും തീരദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം കടുപ്പിച്ചു. കാലാവസ്ഥ വരും മണിക്കൂറുകളില്‍ മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര വകുപ്പും നിര്‍ദ്ദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
