കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് സഞ്ചരിച്ച ജീപ്പിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്നാരോപിച്ച് ബിജെപി രംഗത്ത്. ദേശീയപാത റോഡ് ഷോയിൽ മന്ത്രി ഉൾപ്പെടെ നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
റോഡ് ഷോയിൽ മന്ത്രി റിയാസിനൊപ്പം അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, എം. മെഹബൂബ് എന്നിവർ ജീപ്പിലുണ്ടായിരുന്നുവെന്നും ബിജെപി ആരോപിച്ചു. മാർച്ച് 11-നാണ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ റോഡ് ഷോ സംഘടിപ്പിച്ചത്. ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിയെ ക്ഷണിക്കാതിരുന്നതിനെ തുടർന്നുണ്ടായ വിവാദത്തിന് പിന്നാലെയാണ് സമാന്തര ഉദ്ഘാടനവും റോഡ് ഷോയും നടന്നത്. രാമനാട്ടുകര മുതൽ വെങ്ങളം വരെ ദേശീയപാതയിലായിരുന്നു റോഡ് ഷോ സംഘടിപ്പിച്ചത്.
ഇതിനിടെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിയെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനെ ഉൾപ്പെടുത്തിയതും വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായി. ചടങ്ങിൽ നിന്ന് റിയാസിനെ ഒഴിവാക്കിയതിൽ സംസ്ഥാന സർക്കാർ അതൃപ്തി അറിയിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
