തിരുവനന്തപുരം: ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചുള്ള സര്‍ക്കാര്‍ നടപടി വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും.
വിവാഹശേഷം മിക്ക പെണ്‍കുട്ടികളും പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് കൂട്ടിച്ചേര്‍ക്കും. തുടര്‍ന്നുള്ള രേഖകളിലെല്ലാം അതാകും ചേര്‍ക്കുക. വിദേശയാത്രയ്‌ക്കോ ജോലിയ്‌ക്കോ പോകുന്ന ഘട്ടത്തിലാണ് ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍വ്വീസുകളിലുള്ളവരുടെ ഫാമിലി പെന്‍ഷനും പലപ്പോഴും ഇത് പ്രശ്‌നമാകാറുണ്ട്.
ഈ ഘട്ടത്തില്‍ വില്ലേജ് ഓഫീസര്‍മാരില്‍ നിന്ന് രണ്ട് പേരിലുള്ളതും ഒരാളാണെന്ന് തെളിയിക്കുന്ന വണ്‍ ആന്‍ഡ് സെയിം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയാണ് പതിവ്. ഇത്തരം അപേക്ഷകരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചതോടെ സംസ്ഥാന ജനന -മരണ രജിസ്ട്രാര്‍ കേന്ദ്ര ജനന - മരണ രജിസ്ട്രാര്‍ ജനറലിന്റെ അംഗീകാരത്തോടെയാണ് 2013 ല്‍ തിരുത്തലുകള്‍ക്ക് അനുമതി നല്‍കിയത്. എന്നാല്‍ നോട്ടറി, 2 ഗസറ്റഡ് ഓഫീസര്‍, വില്ലേജ് ഓഫീസര്‍ എന്നിവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിയാണ് നേരത്തെ തിരുത്തല്‍ വരുത്തിയിരുന്നത്. ഇതിന് കാലതാമസം നേരിട്ട സാഹര്യത്തിലാണ് പുതിയ നടപടി.
അതേസമയം ഒരുതവണയായിരിക്കും തിരുത്തലിന് അവസരം ലഭിക്കുക. അതിനാല്‍ തിരുത്തലുകളെല്ലാം ഒരുമിച്ച് നടത്തണം. ജനനസര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തിയാല്‍ അത് റവന്യു സേവനനങ്ങള്‍ക്കും ആധികാരിക രേഖയാകും. പേരിനൊപ്പം സ്ഥലപ്പേര് ഉള്‍പ്പെടെയുള്ള മറ്റുള്ള കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും ഇതിലൂടെ സാധിക്കില്ല. അതിന് ഗസറ്റ് നോട്ടിഫിക്കേഷന്‍ വേണം.
സര്‍ട്ടിഫിക്കറ്റില്‍ തിരുത്തേണ്ട വിവരം ഉള്‍പ്പെടുന്ന ഏതെങ്കിലും ഒരു രേഖയ്‌ക്കൊപ്പം (പാസ്പോര്‍ട്ട്,സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്,വിവാഹ സര്‍ട്ടിഫിക്കറ്റ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍) രണ്ട് വിശ്വസനീയ വ്യക്തികളുടെ (ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍) സത്യവാങ്മൂലം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ ജനന-മരണ രജിസ്ട്രാര്‍ക്ക് നല്‍കിയാല്‍ മതി. ഓണ്‍ലൈനായി കെ. സ്മാര്‍ട്ടിലൂടെ അപേക്ഷിക്കാം.
തിരുത്തലുകള്‍ ഇങ്ങനെ
1. വിവാഹ ബന്ധം വേര്‍പെടുത്തിയ രക്ഷിതാക്കളുടെ മക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റില്‍ മതാപിതാക്കളുടെ പേര് മാറ്റാനും കൂട്ടിച്ചേര്‍ക്കാനും ലഘൂകരിച്ച നടപടിയിലൂടെ സാധിക്കും.
2. പാസ്പോര്‍ട്ടിലെ പേര് പോലെ ജനന സര്‍ട്ടിഫിക്കറ്റിലും ഇനിഷ്യല്‍ വികസിപ്പിച്ച് മാതാപിതാക്കളുടെ പേരാക്കാം.
3. വിവാഹ ശേഷം ഭാര്യയുടെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ത്തതിന്റെ കുരുക്ക് ഒഴിവാക്കാം.
4.മേല്‍വിലാസത്തില്‍ മാറ്റം വരുത്താനുള്ള അവസരത്തിലൂടെ പ്രസവസമയം വാടകവീട്ടില്‍ താമസിച്ചവര്‍ പില്‍ക്കാലത്ത് സ്വന്തം വീട്ടിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ ആ വിലാസവും സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
