തിരുവനന്തപുരം: ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് പ്രഖ്യാപിച്ച പാരിതോഷികം വർഷങ്ങളായി വിതരണം ചെയ്യാത്ത സംഭവത്തിൽ സർക്കാർ നടപടി തുടങ്ങി. വിഷയത്തിൽ കായിക വകുപ്പ് ഡയറക്ടറോട് മന്ത്രി ഒ.ജെ. ജനീഷ് റിപ്പോർട്ട് തേടി എന്നാണ് ലഭിക്കുന്ന വിവരം. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനും കായിക വകുപ്പ് തീരുമാനിച്ചു.
മെഡൽ ജേതാക്കളായ നിരവധി താരങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം ഇതുവരെ ലഭിച്ചിട്ടില്ലെന്ന ആക്ഷേപമാണ് ഉയർന്നത്. ചിലർക്കു എട്ട് വർഷമായി തുക കുടിശ്ശികയാണെന്നും, മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ പോലും സർക്കാർ അവഗണിക്കുകയാണെന്നും വിമർശനമുണ്ട്. ഇത് കായിക താരങ്ങളുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതിയും ശക്തമാണ്.
അത്ലറ്റിക്സിൽ ദേശീയ-അന്തർദേശീയ നേട്ടങ്ങൾ സ്വന്തമാക്കിയ ആൻസി സോജന് സംസ്ഥാന സർക്കാർ നൽകാനുള്ള പാരിതോഷികമായി 3.75 ലക്ഷം രൂപ ഇനിയും കുടിശ്ശികയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഇതിനിടെ, കായിക മേഖലയിലെ നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സമഗ്ര അഴിച്ചുപണിക്ക് കായിക വകുപ്പ് തയ്യാറെടുക്കുകയാണ്. സംസ്ഥാനത്തെ വിവിധ സ്പോർട്സ് അസോസിയേഷനുകളുടെ പ്രവർത്തനം ഓഡിറ്റിന് വിധേയമാക്കും. ഇതിനായി വിവരശേഖരണത്തിനുള്ള ചോദ്യാവലി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറിക്ക് കൈമാറി.
കായിക അസോസിയേഷനുകളെക്കുറിച്ച് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഓഡിറ്റ് നടപടിയെന്ന് അധികൃതർ അറിയിച്ചു. സ്പോർട്സ് കൗൺസിലിന്റെ നിർദേശം ലഭിച്ച് ഏഴ് ദിവസത്തിനകം ആവശ്യമായ വിവരങ്ങളും അനുബന്ധ രേഖകളും സമർപ്പിക്കണമെന്ന് എല്ലാ അസോസിയേഷനുകൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
