കണ്ണൂർ: ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാലയിൽ പുതിയ വിവാദം. സിൻഡിക്കേറ്റ് ശുപാർശ ചെയ്ത പട്ടികയിൽ മാറ്റം വരുത്തിയാണ് നിയമന ഉത്തരവ് പുറത്തിറക്കിയതെന്ന ആരോപണമാണ് ഉയരുന്നത്. ചാൻസലറുടെ നിർദേശപ്രകാരം 59 ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമന ഉത്തരവ് രജിസ്ട്രാർ പുറത്തിറക്കിയതായി വിവരമുണ്ട്.
പുതിയ പട്ടികയിൽ സിൻഡിക്കേറ്റ് നിർദേശിച്ച നിരവധി പേരെ ഒഴിവാക്കിയതായും, പകരം മറ്റ് പേരുകൾ ഉൾപ്പെടുത്തിയതായുമാണ് ആരോപണം. ഇതോടെ നിയമന നടപടിയുടെ സുതാര്യത ചോദ്യം ചെയ്ത് ഇടത് അധ്യാപക സംഘടനകളും സിൻഡിക്കേറ്റ് അംഗങ്ങളും രംഗത്തെത്തി.
ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരണവുമായി ബന്ധപ്പെട്ട് സർവകലാശാല സിൻഡിക്കേറ്റ് യോഗം നാല് മാസത്തോളമായി ചേർന്നിട്ടില്ലെന്നും അംഗങ്ങൾ ആരോപിക്കുന്നു. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം സിൻഡിക്കേറ്റ് പുനഃസംഘടിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സർവകലാശാലയുടെ വിവിധ വിഷയങ്ങളിലായി 600-ലധികം അംഗങ്ങളെ ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകർക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെന്നും ചില കോളേജുകളിൽ നിന്നുള്ളവർക്കാണ് മുൻഗണന നൽകിയതെന്നുമാണ് വിമർശനം. പി.ജി. കോഴ്സുകൾ ഇല്ലാത്ത കോളേജുകളിലെ അധ്യാപകരെ പോലും പി.ജി. ബോർഡ് ഓഫ് സ്റ്റഡീസിൽ ഉൾപ്പെടുത്തിയതായി ആരോപണമുണ്ട്.
സംഭവത്തിൽ പ്രതികരിച്ച സിൻഡിക്കേറ്റ് അംഗം എൻ. സുകന്യ, ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽ സിൻഡിക്കേറ്റിന്റെ ഭരണപരമായ അധികാരം അവഗണിച്ചതായി ആരോപിച്ചു. സിൻഡിക്കേറ്റ് അംഗീകരിച്ച പട്ടികയിൽ ഭൂരിഭാഗം പേരെയും ഒഴിവാക്കിയതായും, നിയമന പ്രക്രിയയിൽ ഇടപെടൽ ഉണ്ടായതായും അവർ പറഞ്ഞു. ചില പ്രത്യേക താൽപര്യങ്ങൾക്ക് അനുസൃതമായാണ് പുതിയ പട്ടിക തയ്യാറാക്കിയതെന്ന ആരോപണവും അവർ ഉന്നയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
