കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വ്യാജ വിവാഹ ആരോപണമുയർത്തി അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ചാനൽ ഉടമ ആൻറോ അഗസ്റ്റിൻ കളമശേരി പൊലിസ് സ്റ്റേഷനിൽ ഹാജരായി. രാവിലെ 11 ഓടെയാണ് ആൻറോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായത്.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വ്യാജരേഖകൾ ചമച്ച് രണ്ടാം വിവാഹ ആരോപണം ഉന്നയിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയായി പോലീസ് അന്വേഷണം നേരിടുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അഗസ്റ്റിന് പോലീസ് പലതവണ നോട്ടീസ് നൽകിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലായതിനാൽ ആദ്യ നോട്ടീസുകളിൽ അദ്ദേഹം ഹാജരായിരുന്നില്ലെങ്കിലും ഒടുവിൽ അദ്ദേഹം കളമശ്ശേരി പോലീസിനു മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകുകയായിരുന്നു. റിപ്പോർട്ടർ ടിവി ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ രേഖകളും കേന്ദ്രീകരിച്ചാണ് അന്വേഷണം
കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ ആയിരുന്നു ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ ഒക്ടോബർ അഞ്ചിനു ശേഷമേ ഹാജരാകൂവെന്ന് ആൻറോ അറിയിച്ചിരുന്നു. ഇന്ന് ഹാജരായില്ലെങ്കിൽ കോടതിയിലേക്ക് പോകാനായിരുന്നു പൊലിസിൻറെ നീക്കം.
കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ വി.ഡി. സതീശന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതായുള്ള വ്യാജരേഖയുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് പത്തനംതിട്ടയിലെ ഒരു പരിപാടിക്കിടെ ആന്റോ അഗസ്റ്റിൻ വെളിപ്പെടുത്തിയിരുന്നു. കോടികൾ വിലയുള്ള വാർത്തയെന്ന് പറഞ്ഞാണ് അവർ സമീപിച്ചതെന്നും എന്നാൽ ആധികാരികത ബോധ്യപ്പെടാത്തതിനാൽ വാർത്ത നൽകിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് കെ.പി.സി.സി. മാധ്യമ വക്താവ് രാജു പി. നായർ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് പരാതി നൽകിയത്. ഡി.ജി.പിയുടെ നിർദേശപ്രകാരം തിരുവനന്തപുരം സിറ്റി സൈബർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
