നാദാപുരം: വളയത്തിന് സമീപം വീട്ടുവളപ്പിലെ അടിക്കാടിൽ നിന്ന് തീപടർന്നുണ്ടായ അപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം. വളയം രാജധാനിക്ക് സമീപത്തെ എടവനക്കണ്ടിയിൽ കുമാരൻ (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീടിന്റെ പുറകുവശത്തെ പറമ്പിലെ അടിക്കാട് വെട്ടി തീകൊളുത്തിയതിനിടെയാണ് തീ നിയന്ത്രണം വിട്ട് പടർന്നത്. തീ അണക്കാൻ ശ്രമിക്കുന്നതിനിടയിൽ കുമാരന്റെ ദേഹത്തേക്ക് തീ പടർന്നതായാണ് സൂചന.
പറമ്പിൽ തീ പടരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കുമാരനെ നിലത്ത് ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വളയം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വളയം കുണ്ടുംകാര ജംഗ്ഷനിൽ ടെയ്ലറിംഗ് ജോലി ചെയ്തിരുന്നയാളാണ് കുമാരൻ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വളയം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. നാളെ രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. ഭാര്യ: ശോഭ, മക്കൾ: ഷിബിൻ ലാൽ, അർഷിൻ ലാൽ, മരുമകൾ: നവ്യ (കൈവേലി), സഹോദരങ്ങൾ: നാണു, ജാനു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
