തിരുവനന്തപുരം: അര്‍ജന്റീന ഫുട്ബോള്‍ ടീമിനെയും സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നില്‍ നടന്നത് കോടികളുടെ സാമ്പത്തിക തട്ടിപ്പും ഗുരുതരമായ ചട്ടലംഘനങ്ങളുമെന്ന് വ്യക്തമാക്കുന്ന കായിക വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറി. വിദേശനാണ്യ വിനിമയചട്ട ലംഘനവും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്ന് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശുപാര്‍ശ ചെയ്യുന്ന അന്വേഷണ റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി കായിക മന്ത്രി ഒ.ജെ ജനീഷ് ആണ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചത്. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് ഒന്നരക്കോടി യുഎസ് ഡോളര്‍ (126 കോടി രൂപ) കൈമാറിയെന്നാണ് സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ ഈ തുക അയച്ചതിനോ എഎഫ്എ ഇത് കൈപ്പറ്റിയതിനോ ഉള്ള യാതൊരു രേഖകളും സര്‍ക്കാരിന്റെ കൈവശമില്ല. കൂടാതെ അര്‍ജന്റീന അസോസിയേഷനുമായോ സ്‌പോണ്‍സറുമായോ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ഒരു കരാറിലും ഒപ്പുവെച്ചിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരവും റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരുന്നു.
തട്ടിപ്പിനായി വ്യാജ കമ്പനികളെ മുന്നില്‍ നിര്‍ത്തിയാണ് നീക്കങ്ങള്‍ നടന്നത്. പദ്ധതിക്കായി ആദ്യം സര്‍ക്കാരിന് കത്തയച്ച കളമശ്ശേരി ആസ്ഥാനമായ ഗോട്ട് ആഡ് ഗ്ലോബല്‍ എന്ന സ്ഥാപനം രജിസ്റ്റര്‍ ചെയ്ത് 20 ദിവസത്തിനകമാണ് കോടികളുടെ പദ്ധതിയുമായി രംഗത്തെത്തിയത്. വെറും ഒരു ലക്ഷം രൂപ മാത്രം മൂലധനമുണ്ടായിരുന്ന ഈ സ്ഥാപനത്തിനും പിന്നീട് സ്‌പോണ്‍സറായെത്തിയ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കും ഒരേ മേല്‍വിലാസമാണുള്ളത്. യാതൊരുവിധ ടെന്‍ഡറുമില്ലാതെ ഏകപക്ഷീയമായാണ് ഇവരെ സ്‌പോണ്‍സറായി പ്രഖ്യാപിച്ചത്.
യുഎസ് ആസ്ഥാനമായുള്ള ഏജന്‍സി വഴി പണം കൈമാറാനാണ് സ്‌പോണ്‍സര്‍ സര്‍ക്കാര്‍ മുഖേന കേന്ദ്രാനുമതി തേടിയത്. എന്നാല്‍ ഈ ഏജന്‍സി അമേരിക്കയില്‍ സാമ്പത്തിക കുറ്റകൃത്യ അന്വേഷണം നേരിടുന്ന സ്ഥാപനമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പണം കൈമാറിയതിന്റെ തെളിവുകളൊന്നും സ്‌പോണ്‍സര്‍ സമര്‍പ്പിച്ചിട്ടില്ലെങ്കിലും, അവകാശപ്പെട്ട തുകയുടെ അടിസ്ഥാനത്തില്‍ 22.68 കോടി രൂപ സേവന നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് സ്‌പോണ്‍സര്‍ക്ക് അടുത്തിടെ സമന്‍സ് അയച്ചിട്ടുണ്ട്.
അര്‍ജന്റീന ടീമില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നതിന് മുമ്പ് തന്നെ കൊച്ചിയില്‍ പ്രദര്‍ശന മത്സരം നടക്കുമെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതുകയായിരുന്നു. ടീമിനെ ക്ഷണിക്കാനെന്ന പേരില്‍ 2024 സെപ്റ്റംബറില്‍ അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാനും ഉദ്യോഗസ്ഥരും സ്‌പെയിനില്‍ നടത്തിയ പര്യടനത്തിലും ദുരൂഹതയേറെയാണ്.
എഎഫ്എ ക്ഷണിച്ചതിന്റെയോ മന്ത്രി ആരുമായാണ് കൂടിക്കാഴ്ച നടത്തിയതെന്നതിന്റെയോ യാതൊരുവിധ രേഖകളും ലഭ്യമായിട്ടില്ല. എഎഫ്എ പ്രതിനിധിയുമായി അന്നത്തെ കായിക മന്ത്രിയുടെ ഓഫീസ് നടത്തിയ ചില ഇമെയിലുകള്‍ മാത്രമാണ് രേഖകളിലുള്ളത്. ഇവ തന്നെ രണ്ട് വര്‍ഷത്തിന് ശേഷമാണ് ഔദ്യോഗിക ഫയലില്‍ ഉള്‍പ്പെടുത്തിയത്. ടീമിന്റെ സന്ദര്‍ശനം നീണ്ടതോടെ സ്‌പോണ്‍സര്‍ക്ക് സര്‍ക്കാര്‍ രണ്ടുതവണ നോട്ടീസ് അയച്ചിരുന്നെങ്കിലും, സാമ്പത്തിക ഇടപാടുകളിലെ കള്ളക്കളികള്‍ പുറത്തുവന്നതോടെ അന്വേഷണം കേന്ദ്ര ഏജന്‍സികളിലേക്ക് വ്യാപിപ്പിക്കാനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
